ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം സ്ഥിരീകരിച്ച് നാസയുടെ ‘സോഫിയ’

ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യം സ്ഥിരീകരിച്ചതായി നാസ. നാസയുടെ സ്റ്റാറ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ്(സോഫിയ) എന്ന നിരീക്ഷണ സംവിധാനത്തിന്റേതാണ് ഈ കണ്ടുപിടുത്തം ഭൂമിയിൽ നിന്നും കാണാൻ സാധിക്കുന്ന ചന്ദ്രന്റെ ക്ലാവിയസ് ഗർത്തത്തിലാണ് ജലസാന്നിധ്യം സ്ഥിരീകരിച്ചത്. ചന്ദ്രനിലെ തെക്കൻ അർധ ഗോളത്തിലെ ഏറ്റവും വലിയ ഗർത്തങ്ങളിൽ ഒന്നാണ് ക്ലാവിയസ്. ഈ സാഹചര്യത്തിൽ തണുപ്പുള്ളതും നിഴൽ വീഴുന്നതുമായ ഭാഗങ്ങളിൽ മാത്രമല്ല, ചന്ദ്രന്റെ ഭൂരിഭാഗത്തും ജലസാന്നിധ്യം ഉണ്ടായേക്കാമെന്നാണ് ഗവേഷകർ അനുമനിക്കുന്നത്.
ചന്ദ്രോപരിതലത്തിൽ 40,000 ചതുരശ്ര കിലോമീറ്ററിൽ അധികം തണുത്തുറഞ്ഞ നിലയിൽ ജലസാന്നിധ്യം ഉണ്ടാകാമെന്ന് കൊളറാഡോ സർവകലാശാലയിലെ പോൾ ഹെയ്നിന്റെ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെട്ടു. ഇത് മുൻപ് കണക്കുകൂട്ടിയതിനേക്കാൾ 20 ശതമാനത്തോളം കൂടുതലാണ്.
2009ൽ ചന്ദ്രനിൽ ജല സാന്നിധ്യമുള്ളതായി ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തൽ ചാന്ദ്ര ഗവേഷണ മേഖലയിൽ നിർണായകമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.