KSDLIVENEWS

Real news for everyone

ടൊയോട്ടയുടെ അത്യാഡംബര എം.പി.വി; മമ്മൂട്ടിയുടെ ഗ്യാരേജില്‍ പുത്തന്‍ അതിഥിയായി വെല്‍ഫയര്‍

SHARE THIS ON


മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്റെയും വാഹനകമ്പം കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്ക് പോലും അറിവുള്ളതാണ്. ഫെരാരി, മെയ്ബ്, പോര്‍ഷെ തുടങ്ങിയ ഒരുകൂട്ടം മികച്ച വാഹനങ്ങളുള്ള മമ്മൂട്ടിയുടെ വാഹന ശേഖരത്തെ വാഹനപ്രേമികള്‍ 369 ഗ്യാരേജ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വാഹനശേഖരത്തിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുകയാണ് ടൊയോട്ടയുടെ അത്യാഡംബര എം.പി.വി. മോഡലാണ് മമ്മൂട്ടി സ്വന്തമാക്കിയ വാഹനം.

മമ്മൂട്ടിയുടെ പുതിയ വാഹനത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഈ വാഹനം അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടതായാണ് വിവരം. പുതിയ വെല്‍ഫയര്‍ അവതരിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയതെന്നാണ് സൂചനകള്‍. ഏത് വേരിയന്റാണ് മമ്മൂട്ടി സ്വന്തമാക്കിയതെന്ന് വ്യക്തമല്ലെങ്കിലും രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനം 1.22 കോടി രൂപ മുതല്‍ 1.32 കോടി രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.


വെല്‍ഫയറിന്റെ ആദ്യ മോഡല്‍ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും പുതിയ മോഡല്‍ ആദ്യമെത്തുന്ന മമ്മൂട്ടിയുടെ വാഹനശേഖരത്തിലേക്കാണ്. അത്യാഡംബര സൗകര്യങ്ങളോട് കൂടിയാണ് ടൊയോട്ട പുതിയ വെല്‍ഫയര്‍ നിരത്തിലിറക്കിയിരിക്കുന്നത്. പഴയ രൂപം നിലനിര്‍ത്തിയെങ്കിലും ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മുന്നില്‍ ആറ് പടികളായുള്ള ഗ്രില്ലാണ് ഏറ്റവും ശ്രദ്ധേയം. വി ആകൃതിയിലുള്ള ടെയില്‍ ലാമ്പ്, വെല്‍ഫയര്‍ ബാഡ്ജിങ്, ഒരു വലിയ ടൊയോട്ട ലോഗോ എന്നിവ പിന്‍ഭാഗത്തെയും ആകര്‍ഷകമാക്കുന്നു.

TNGA-K പ്ലാറ്റ്ഫോമിലാണ് വെല്‍ഫയര്‍ ഒരുങ്ങിയിരിക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് ഭാരം കുറവാണെന്നതാണ് പ്രധാന പ്രത്യേകത. ഇന്റീരിയറിലെ ആഡംബരം ഒട്ടും കുറഞ്ഞിട്ടില്ല. വലിയ 14 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിക്കുന്നതിനാല്‍ ഇന്റീരിയറില്‍ ഫിസിക്കല്‍ ബട്ടണുകള്‍ തീരെ കുറവാണ്. മസാജിങ് സംവിധാനമുള്ള എക്ട്രാ ലാര്‍ജ് സീറ്റുകള്‍, കണ്‍ട്രോള്‍ സണ്‍റൂഫ്, ആപ്പ് വഴിയുള്ള പവര്‍ വിന്‍ഡോ, 15 ജെ.ബി.എല്‍ സ്പീക്കറുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, എന്നിങ്ങനെയാണ് ഫീച്ചറുകള്‍.

റിമോട്ട് കണക്ടട് ഡോര്‍ ലോക്ക്/അണ്‍ലോക്ക്, എയര്‍ കണ്ടീഷനിങ്, എമര്‍ജന്‍സി സര്‍വീസസ്, ഡ്രൈവര്‍ മോണിറ്ററിങ് അലര്‍ട്ട്‌സ് തുടങ്ങി അറുപതിലധികം കണക്ടട് ഫീച്ചറുകളും വാഹനത്തിലുണ്ട്. സുരക്ഷയ്ക്കായി ടൊയോട്ട സേഫ്റ്റി സെന്‍സ് അഡാസ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. പ്രീ-കൊളീഷന്‍ സേഫ്റ്റി സിസ്റ്റം, ലെയ്ന്‍ ട്രെയ്‌സ് അസിസ്റ്റന്‍സ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് മോണിറ്റര്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഇത്. കൂടാതെ ആറ് എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയും ഇതിലുണ്ട്.

മുന്‍ മോഡലില്‍ നിന്ന് മെക്കാനിക്കല്‍ സംവിധാനങ്ങളില്‍ മാറ്റം വരുത്താതെയാണ് പുതിയ വെല്‍ഫയര്‍ എത്തിയിട്ടുള്ളത്. ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 2487 സി.സി. പെട്രോള്‍ എന്‍ജിന്‍ 190 ബി.എച്ച്.പി. പവറും 240 എന്‍.എ. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം സി.വി.ടി. ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 18 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!