വിദേശ ഉംറ തീർത്ഥാടകരെ സ്വീകരിക്കാൻ സജ്ജമായി സഊദി ;
ആദ്യത്തെ മൂന്ന് ദിനം ക്വാറന്റൈനിൽ കഴിയണം

മക്ക: നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകാരെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സഊദി അറേബ്യ. ഞായാറാഴ്ച മുതല്‍ എത്തുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ എയര്‍പോര്‍ട്ടിലും ഇരു ഹറമുകളിലും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പ്രതിവാരം പതിനായിരം തീര്‍ത്ഥാടകരാണ് ഉംറക്കായി എത്തിച്ചേരുകയെങ്കിലും കൂടുതല്‍ തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കുന്നതിന്റെ മുന്നോടിയായി തീര്‍ഥാടകരും വിദേശ ഉംറ ഏജന്‍സികളും സഊദിയിലെ ഉംറ സേവന സ്ഥാപനങ്ങളും പാലിക്കേണ്ട നിബന്ധനകള്‍ സഊദി ഹജ്ജ് ഉംറ മന്ത്രാലയം നിര്‍ണയിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയില്‍ നിന്നുള്ളവരുടെ കാര്യത്തില്‍ ഇത് വരെ വ്യക്തത വന്നിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ നിന്നും സഊദിയിലേക്ക് നേരിട്ട യാത്ര സാധ്യമല്ലാത്തതിനാല്‍ ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ അനുമതിയുണ്ടാകില്ലെന്നാണ് കരുതുന്നത്.എങ്കിലും സഊദി അധികൃതരുടെ അന്തിമ പ്രഖ്യാപനം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത കൈവകരൂ. ഏഴു മാസത്തിനു ശേഷമാണ് വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയ നിര്‍ദേശപ്രകാരം 18 നും 50 നും ഇടയിലുള്ള തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് അനുമതി. കൊവിഡ് നെഗറ്റിവാണെന്ന പിസിആര്‍ ടെസ്‌റ്റ് റിസള്‍ട്ട് കൈവശം വെക്കണം. തീര്‍ത്ഥാടകര്‍ വരുന്ന രാജ്യങ്ങളിലെ സഊദി സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ നിന്നും 72 മണിക്കൂറിനുള്ളില്‍ കൈവശപ്പെടുത്തിയ ടെസ്റ്റ് റിസള്‍ട്ടായിരിക്കും സ്വീകരിക്കുക. തിരിച്ചു പോകാനായയുള്ള ടിക്കറ്റ് കൈവശം വെക്കണം. ഓരോ തീര്‍ഥാടകനും നിശ്ചിത ഷെഡ്യൂളനുസരിച്ച് മടക്കയാത്ര ബുക്കിങ് ഉറപ്പുവരുത്തണം, ഉംറ നിര്‍വഹിക്കാനും മസ്ജിദുല്‍ ഹറാമില്‍ നമസ്കരിക്കാനും മസ്ജിദുന്നബവി സന്ദര്‍ശിക്കാനും റൗദയില്‍ വെച്ച് നമസ്കരിക്കാനും ‘ഇഅ്തമര്‍നാ’ ആപ്പില്‍ മുന്‍കൂട്ടി ബുക്കിങ് നടത്തണം എന്നിവയടങ്ങുന്ന നിബന്ധകള്‍ അധികൃതര്‍ വിദേശങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്കായി നിര്ണയിച്ചിട്ടുണ്ട്.
രാജ്യത്തിറങ്ങിയ ശേഷം തീര്‍ത്ഥാടകര്‍ മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. ഇതിനായി ഓരോ തീര്‍ഥാടകന്റെയും ഉംറ സേവന പാക്കേജില്‍ ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഭക്ഷണമടക്കമുള്ള താമസ സൗകര്യം ഉള്‍പ്പെടുത്താന്‍ ഉംറ കമ്ബനികള്‍ക്കുള്ള നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ, വിമാനത്താളങ്ങളില്‍ നിന്ന് താമസത്തിലേക്ക് ഗതാഗതം, സമഗ്രമായ ഇന്‍ഷുറന്‍സ് പോളിസി എന്നിവ ഉള്‍പ്പെടുമെന്നും അധികൃതര്‍ വെളിപ്പെടുത്തി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകരെ അമ്ബത് പേരടങ്ങുന്ന സംഘമായി തിരിക്കും. ഓരോ ഗ്രൂപ്പിനും പ്രത്യേകം ഗൈഡുകളെ നിയമിക്കും.