സിം കാര്‍ഡില്ലാതെ കോള്‍ ചെയ്യാം; ബിഎസ്എന്‍എല്ലിന്റെ പുത്തന്‍ സാങ്കേതികവിദ്യ, എന്താണ് ഡി2ഡി സര്‍വീസ്?
ന്യുഡല്‍ഹി: സിം കാര്‍ഡോ റീച്ചാര്‍ജോ ഒന്നുമില്ലാതെ കോളുകള്‍ വിളിക്കാന്‍ സാധിക്കുമോ? ആര് കേട്ടാലും അമ്ബരന്ന് പോകുന്ന കാര്യമാണിത്.
എന്നാല്‍ ബിഎസ്എന്‍എല്‍ അത്തരമൊരു സാങ്കേതിവിദ്യ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ബിഎസ്എന്‍എല്‍ ഇപ്പോള്‍ അവരുടെ ഡയറക്ടര്‍ ടു ഡിവൈസ് സാങ്കേതികവിദ്യയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തിപ്പിക്കല്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ഗ്ലോബല്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ വിയാസത്തുമായി സഹകരിച്ചാണ് ഈ സാങ്കേതികവിദ്യ ബിഎസ്എന്‍എല്‍ വികസിപ്പിച്ചെടുക്കുന്നത്. യൂസര്‍മാര്‍ക്ക് ഇത് നവീന അനുഭവമാണ് നല്കാന് പോകുന്നത്.
യൂസര്‍മാര്‍ക്ക് ഓഡിയോ-വീഡിയോ കോളുകള്‍ സിമ്മിന്റെ ആവശ്യമില്ലാതെ തന്നെ ചെയ്യാന്‍ ഡി2ഡി സാങ്കേതികവിദ്യ സഹായിക്കും. നെറ്റ്വര്‍ക്കിന്റെ ആവശ്യം പോലും ഇതില്‍ വരുന്നില്ല. ആന്‍ഡ്രോയിഡിനും-ഐഒഎസ് സ്മാര്‍ട്ട്ഫോണുകള്‍ക്കും ഒരുപോലെ ഈ പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ സാധിക്കും. അതായത് ആപ്പിള്‍ ഫോണുകളില്‍ വരെ ഈ സാങ്കേതികവിദ്യ ലഭ്യമാവും.
സ്മാര്‍ട്ട് വാച്ചുകള്‍ക്കും, സ്മാര്‍ട്ട് ഡിവൈസുകള്‍ക്കും ഇത് ഉപകാരപ്പെടും. നിങ്ങളുടെ നെറ്റ്വര്‍ക്ക് പൂര്‍ണമായും തടസ്സപ്പെട്ടാലും ഈ സേവനം യൂസര്‍മാര്‍ക്ക് ഗുണകരമായി മാറും. ഏത് വിദൂര മേഖലയില്‍ പോലും തടസ്സങ്ങളില്ലാതെ സേവനം ലഭ്യമാവും.
ഡയറക്ട് ടു ഡിവൈസ് സാങ്കേതികവിദ്യ മൊബൈല്‍ നെറ്റ്വര്ക് മേഖലയിലെ വിപ്ലവകരമായ മാറ്റമായിരിക്കുമെന്ന് വിയാസത്ത് പറയുന്നു. മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, തുടങ്ങി കാറുകള്‍ വരെ നേരിട്ട് ഒരു ഉപഗ്രഹ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിക്കാനാവും. പേഴ്സണല്‍ ഡിവൈസുകള്‍ക്കും, ഡിവൈസ് കമ്മ്യൂണിക്കേഷനുകള്‍ക്കും ഉപയോഗിക്കാനുള്ളതാണ് ഈ സാങ്കേതികവിദ്യ.
ഏത് സ്ഥലത്താണെങ്കിലും കണക്ടിവിറ്റി തടസ്സങ്ങളില്ലാതെ ലഭ്യമാവുന്നതാണ് ഡിടുഡിവൈസിന്റെ പ്രത്യേകത. കൂടുതല്‍ കവറേജും, കോളുകള്‍ നെറ്റ്വര്‍ക്ക് ഇല്ലാത്തത് കൊണ്ട് തടസ്സപ്പെടുന്നത് അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ഇവ പരിഹാരം കാണും. വിദൂര മേഖലയില്‍ പലപ്പോഴും നെറ്റ്വര്‍ക്ക് ദുര്‍ബലമായിരിക്കും. ഡാറ്റയ്ക്ക് വേഗം കുറയുകയും കോളുകള്‍ കണക്ടാവാതിരിക്കുകയും ചെയ്യും. അതെല്ലാം പരിഹരിക്കാന്‍ ഇവയ്ക്ക് സാധിക്കും.
ഡയറക്ട് ടു ഡിവൈസ് ഉപഗ്രഹ ആശയവിനിമയാണ് സാധ്യമാക്കുന്നത്. മൊബൈല്‍ ടവറുകളെയോ വയേര്‍ഡ് കണക്ഷനുകളെയോ മൊബൈലുകള്‍ക്ക് ആശ്രയിക്കേണ്ടി വരില്ല. ഡിവൈസുകളെ നേരിട്ട് ഇവയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുക. സാറ്റലൈറ്റ് ഫോണുകള്‍ക്ക് സമാനമായ കാര്യമാമിത്. സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍ എന്നിവയെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇവ സഹായിക്കും.
ടു വേ മെസേജിങ് ആണ് ട്രയലിന്റെ സമയത്ത് ബിഎസ്എന്‍എല്ലും വിയാസത്തും ചേര്‍ന്ന് വിജയകരമായി പരീക്ഷിച്ചത്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണില്‍ എസ്ഒഎസ് മെസേജിംഗും പരീക്ഷിച്ച് നോക്കി. എന്‍ടിഎന്‍ കണക്ടിവിറ്റിയാണ് ഇതിനായി ഉപയോഗിച്ചത്. 36000 കിലോമീറ്റര്‍ അകലെ സ്ഥാപിച്ചിരിക്കുന്ന സാറ്റലൈറ്റ് ഉപയോഗിച്ചായിരുന്നു ഫോണ്‍ കോള്‍. എയര്‍ടെല്ലും ജിയോയുമെല്ലാം ഉപഗ്രഹ കണക്ടിവിറ്റി സര്‍വീസിനായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് അടക്കം വരുന്നതോടെ മത്സരം കടുക്കും.