KSDLIVENEWS

Real news for everyone

സന്തോഷവും അതിനേക്കാളേറെ അഭിമാനവും’ , രാഷ്ട്രീയം പറഞ്ഞുതന്നെ ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് പി സരിന്‍

SHARE THIS ON

പാലക്കാട്: സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം കിട്ടിയതില്‍ അഭിമാനവും സന്തോഷവുമെന്ന് സരിന്‍. ഉപതിരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തോളില്‍ കയറിനിന്ന് ആള്‍പ്പൊക്കമുണ്ടെന്ന് കാണിക്കുന്ന സംവിധാനത്തിന്റെ പ്രതിനിധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും സരിന്‍ പറഞ്ഞു

ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പാലക്കാട് ജനവിധി തേടുന്നതിനുള്ള അവസരം കൈവന്നിരിക്കുന്നതിനുള്ള സന്തോഷവും അതിനേക്കാളേറെ അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലിയെന്ന വാക്കിന്റെ അര്‍ത്ഥം നിയമനിര്‍മാണ സഭയിലെ അംഗം എന്നാണ്. എന്നാല്‍ അതിനേക്കാളുപരി പീപ്പിള്‍സ് റെപ്രസന്റേറ്റീവ് എന്നു തന്നെയാണ് ഉചിതമായ ജനാധിപത്യ വാക്ക് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ ജനങ്ങളുടെ പ്രതിനിധിയാവാന്‍ ഒരു മുന്നണി എന്നെ ചുമതലപ്പെടുത്തിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം ചുമതലബോധം ഉള്ള ഒരാള്‍ നിര്‍വഹിക്കേണ്ട ഒരു ഉത്തരവാദിത്ത്വമാണ് സ്ഥാനാര്‍ത്ഥിത്വം എന്നുള്ളത്. എന്തിന് വേണ്ടി നിലകൊള്ളുന്നു എന്തിനെയൊക്കെയാണ് പ്രതിനിധാനം ചെയ്യുന്നത്, ആര്‍ക്കു വേണ്ടിയാണ് ഇനിയുള്ള ജീവിതം മാറ്റിവെയ്ക്കാന്‍ തീരുമാനമെടുക്കുന്നത് എന്നുള്ളതെല്ലാം പ്രചരണത്തിന്റെ ഭാഗമായി ജനസമക്ഷത്തിലേക്ക് എത്തിക്കുന്നതിനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പാലക്കാട് നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. ഇനിയുള്ള ദിവസങ്ങളില്‍ ജനപ്രതിനിധിയാകുന്നതിനുള്ള യോഗ്യത രാഷ്ട്രീയം പറഞ്ഞുകൊണ്ട് തന്നെ പാലക്കാട് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ദൗത്യത്തില്‍ കേരളത്തിലെ മുഴുവന്‍ ജനമനസും ഒപ്പമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെന്നും സരിന്‍ പറഞ്ഞു

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഷാഫി പറമ്പിലും കെ.രാധാകൃഷ്ണനും ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പാലക്കാട് ഇടത് സ്വതന്ത്രനായി രണ്ട് ദിവസം മുൻപ് വരെ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനറായിരുന്ന ഡോ.പി.സരിന്‍ മത്സരിക്കും. സരിൻ 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിലെ കെ പ്രേംകുമാറിനോട് പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!