KSDLIVENEWS

Real news for everyone

ചിന്നസ്വാമിയിൽ ഇന്ത്യയെ വീഴ്ത്തി കിവീസ്; ഇന്ത്യൻ മണ്ണിലെ ടെസ്റ്റ് വിജയം 36 വർഷത്തിന് ശേഷം

SHARE THIS ON

ബെംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസീലന്‍ഡ്. എട്ടു വിക്കറ്റിനാണ് ന്യൂസീലന്‍ഡിന്റെ ജയം. ഒന്നാം ടെസ്റ്റിന്റെ അവസാനദിനം കിവീസ് അനായാസം ലക്ഷ്യത്തിലെത്തി. രണ്ടാമിന്നിങ്സിൽ ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസീലന്‍ഡ് മറികടന്നു. 36 വര്‍ഷത്തിന് ശേഷമാണ് കിവീസ് ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുമ്പ് 1988 ലാണ് സ്വന്തം മണ്ണില്‍ ഇന്ത്യയെ ന്യൂസീലന്‍ഡ് പരാജയപ്പെടുത്തിയത്. സ്‌കോര്‍; ഇന്ത്യ-46,462 ന്യൂസിലന്‍ഡ്- 402, 110/2

മഴ നിഴലിട്ട അഞ്ചാം ദിനം കളി പിടിക്കാനുറച്ചാണ് ഇന്ത്യ മൈതാനത്തിറങ്ങിയത്. തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ സമ്മാനിക്കുകയും ചെയ്തു. മത്സരം ആരംഭിച്ച് രണ്ടാം പന്തില്‍ തന്നെ കിവീസിന് വിക്കറ്റ് നഷ്ടമായിരുന്നു. ടോം ലാതത്തെ (0) ജസ്പ്രീത് ബുംറ പുറത്താക്കി. പിന്നാലെ ഡേവോണ്‍ കോണ്‍വേയും വില്‍ യങുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ടീം സ്‌കോര്‍ 35 ല്‍ നില്‍ക്കേ കോണ്‍വേയേയും പുറത്താക്കി ബുംറ തിരിച്ചടിച്ചു. 17 റണ്‍സാണ് കോണ്‍വേയുടെ സമ്പാദ്യം.

എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് നിരാശ സമ്മാനിച്ച് മൂന്നാം വിക്കറ്റില്‍ വില്‍ യങ്ങും രചിന്‍ രവീന്ദ്രയും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും പതിയെ സ്‌കോര്‍ ഉയര്‍ത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യയ്ക്ക് ഒരവസരവും ലഭിച്ചില്ല. വില്‍ യങ്(48), രചിന്‍ രവീന്ദ്ര(39) എന്നിവര്‍ പുറത്താവാതെ നിന്നു.

നേരത്തേ ആദ്യ ഇന്നിങ്സിൽ കൂറ്റൻ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിലാണ് മത്സരത്തിലേക്ക് തിരിച്ചുവരുന്നത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസെടുത്തു. സെഞ്ചുറി നേടിയ സർഫറാസ് ഖാന്റെയും ഒരു റൺ അകലെ വച്ച് സെഞ്ചുറി നഷ്ടമായ ഋഷഭ് പന്തിന്റെയും പിൻബലത്തിലാണ് ഇന്ത്യ 462 റൺസിലെത്തിയത്. 150 റൺസെടുത്ത സർഫറാസായിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.

രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്തിന്റേയും സര്‍ഫറാസ് ഖാന്റേയും നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീട് വന്നവരാര്‍ക്കും മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കാനായില്ല. കെ.എല്‍ രാഹുല്‍(12), രവീന്ദ്ര ജഡേജ(5), രവിചന്ദ്രന്‍ അശ്വിന്‍(15), ജസ്പ്രീത് ബുംറ(0), മുഹമ്മദ് സിറാജ്(0) എന്നിവര്‍ വേഗം കൂടാരം കയറി. കുല്‍ദീപ് യാദവ് ആറ് റണ്‍സെടുത്ത് പുറത്താവാതെ നിന്നു. വിരാട് കോലി(70), രോഹിത് ശര്‍മ(52),യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 46 റൺസിന് പുറത്തായിരുന്നു. കിവീസ് ആദ്യ ഇന്നിങ്സിൽ 402 റൺസുമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!