KSDLIVENEWS

Real news for everyone

ഹിസ്ബുല്ലയുടെ ബാങ്കിങ് സംവിധാനങ്ങൾ തകർത്ത് ഇസ്രായേൽ

SHARE THIS ON

ബെയ്റൂത്ത്: ലബനാനിലെ ഹിസ്ബുല്ലയുടെ ബാങ്കിങ് സംവിധാനങ്ങൾ തകർത്ത് ഇസ്രായേൽ. ഹിസ്ബുല്ലയുടെ ജനകീയ ബാങ്കിങ് സംവിധാനമായ അൽ ഖർദുൽ ഹസനാണ് തകർത്തത്. പലിശ രഹിത ബാങ്കിങ് സംവിധാനമാണിത്. ലബനാനിലുടനീളമുള്ള അൽ ഖർദുൽ ഹസൻ ശാഖകളെ ആക്രമിച്ചു തകർക്കുകയാണ് ഇസ്രായേൽ. അതേസമയം, നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്ന് എംപി ഇഹാബ് ഹമാദെ പറഞ്ഞു.

ഗസ്സയിലും ഇസ്രായേലിന്റെ ആക്രമണം ശക്തമാണ്. ഇന്ന് പകൽ മാത്രം 33 പേരെ ഇസ്രായേൽ കൊലപ്പെടുത്തി. ഭൂരിഭാഗവും വടക്കൻ ഗസ്സയിലാണ്. വടക്കൻ ഗസ്സയിലെ ബൈത് ഹാനൂൻ , ബൈത് ലാഹിയ, ജബാലിയ എന്നിവിടങ്ങളിൽ നിന്ന് ഗസ്സക്കാർ പൂർണമായും ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേലിന്റെ ഭീഷണി. ഒഴിഞ്ഞുപോകാത്തവരെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കുകയാണ്.

ആരോഗ്യ സംവിധാനങ്ങൾ തകർത്തും സഹായവസ്തുക്കൾ നിഷേധിച്ചും ആസൂത്രിത വംശഹത്യക്കാണ് ഇസ്രായേൽ നീക്കമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. വടക്കൻ ഗസ്സയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് യുഎൻ ആശങ്ക പ്രകടിപ്പിച്ചു. ഇവിടത്തെ പ്രതിസന്ധി പരിഹരിക്കാൻ ലോകം ഇടപെടണമെന്നും യുഎൻ ആവശ്യപ്പെട്ടു.

വടക്കൻ ഗസ്സയിൽ ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേൽ സേനയുടെ 401 ബ്രിഗേഡിന്‍റെ കമാൻഡറും മുതിർന്ന സൈനികോദ്യോഗസ്ഥനുമായ കേണൽ എഹ്സാൻ ദഖ്സ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. അതേസമയം, യുഎസിന്റെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ ‘ഥാഡ്’ ഇസ്രായേലിലെത്തിച്ചതായി അമേരിക്ക അറിയിച്ചു. ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് സംവിധാനം യുഎസ് മിലിട്ടറിയുടെ നിർണായക ഭാഗമാണ്. ഇറാന്റെ ആക്രമണം ഉണ്ടാവുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് പുതിയ സംവിധാനം അമേരിക്ക അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!