ആവേശത്തിരയില്‍ വയനാട്; റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും
കല്‍പറ്റ: പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കന്നിയങ്കത്തിന് വേദിയാകുന്ന വയനാട്ടില്‍ വന്‍ജനാവലിയെ അണിനിരത്തി യുഡിഎഫിന്റെ റോഡ് ഷോ. പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രേവന്ത് റെഡ്ഡിയും കെ.സുധാകരനും, പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും അണിനിരക്കുന്നു. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകനും റോഡ്‌ഷോ വാഹനത്തില്‍ പ്രിയങ്കയോടൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്തു. പ്രിയങ്കയുടെ വരവ് ആഘോഷമാക്കി മാറ്റിയ യുഡിഎഫ് പ്രവര്‍ത്തകരെ കൊണ്ട് നിരത്തുകള്‍ നിറഞ്ഞു.
സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഒന്നിച്ചൊരു തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. വയനാട്ടില്‍ യുഡിഎഫിന്റെ കരുത്ത് തെളിച്ചുകൊണ്ടുള്ള റോഡ് ഷോയ്ക്ക് ശേഷമാകും പ്രിയങ്കയുടെ പത്രിക സമര്‍പ്പണം. ആറുലക്ഷത്തിലധികം വോട്ടുകള്‍ക്ക് തങ്ങള്‍ പ്രിയങ്കയെ ജയിപ്പിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. വയനാട്ടിലെ മാത്രമല്ല, അയല്‍ ജില്ലകളിലെയും പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. പ്രിയങ്കാഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണയേകി വനിതാ പ്രവര്‍ത്തകരുടെ വലിയൊരു നിര തന്നെ കല്‍പറ്റ നഗരത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
പ്രിയങ്കയും രാഹുലും സോണിയയും വയനാട്ടിലെത്തിയ ആവേശം പ്രവര്‍ത്തകര്‍ ആഘോഷിക്കുമ്പോള്‍ നാട്ടുകാര്‍ ആവശ്യങ്ങളുടെ നീണ്ടനിര തന്നെ സ്ഥാനാര്‍ഥിക്കുമുമ്പില്‍ നിരത്തുന്നുണ്ട്. ചൂരല്‍മല – മുണ്ടക്കൈ ദുരന്തത്തില്‍ സംഭവിച്ച നഷ്ടങ്ങളും ഇനിയും കണ്ടെത്താത്തവരെക്കുറിച്ചുള്ള ആശങ്കകളും ദുരീകരിച്ചുതരേണ്ടത് വയനാടിനെ പ്രതിനിധാനം ചെയ്യുന്നവരുടെ ഉത്തരവാദിത്തമാണെന്ന് മുണ്ടക്കൈയില്‍ നിന്നും റോഡ്‌ഷോയ്‌ക്കെത്തിയ ഒരു യുവാവ് മാതൃഭൂമിയോട് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട് പോയാല്‍പ്പിന്നെ തിരിഞ്ഞുനോക്കാത്ത അവസ്ഥ ഉണ്ടാക്കുന്നവര്‍ക്ക് വോട്ടില്ലെന്നും റോഡ്‌ഷോ കാണാനെത്തിയവരില്‍ ചിലര്‍ പറയുന്നുണ്ട്.
പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ 11 മണിയ്ക്ക് തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ തുറന്ന വാഹനത്തില്‍ റോഡ് ഷോയില്‍ അണി ചേരും. ത്രിവര്‍ണ ബലൂണുകളും രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടെയും ഫോട്ടോ പതിച്ച ടീ ഷര്‍ട്ടുകളും പ്ലക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങി തങ്ങളുടെ സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്.
ഉച്ചയ്ക്ക് 12 മണിയോടെ കളക്ടറേറ്റിലെത്തി പ്രിയങ്കാഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞത്. സമയക്രമത്തില്‍ മാറ്റങ്ങള്‍ ഉള്ളതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. നാമനിര്‍ദ്ദേശം നല്‍കുന്നത് അല്‍പം വൈകും. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സാദിഖലി തങ്ങള്‍ എന്നിവര്‍ പ്രിയങ്കയെ അനുഗമിക്കും.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും വയനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലിയെ പ്രതിനിധാനം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞതും പ്രിയങ്കയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതും.
നാമനിര്‍ദേശ പത്രിക നല്‍കി ഇന്നു വെകിട്ട് തന്നെ പ്രിയങ്കയും സോണിയയും രാഹുലും ഡല്‍ഹിയിലേക്ക് തിരിക്കും. ഒക്ടോബര്‍ അവസാനവാരം മുതല്‍ തിരഞ്ഞെടുപ്പുവരെയുള്ള പത്തുദിവസം വയനാട്ടില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നടത്താനാണ് പ്രിയങ്കയുടെ തീരുമാനം.