സ്റ്റൈൽ ലുക്കിൽ പുതിയ മാരുതി ഡിസയർ; നവംബർ 11ന് വിപണിയിൽ
കാത്തിരിപ്പുകള്‍ക്കൊടുവില്‍ സമ്പൂര്‍ണ ദര്‍ശന സൗഭാഗ്യം നല്‍കി പുതു തലമുറ മാരുതി സുസുക്കി ഡിസയര്‍. നവംബര്‍ 11ന് ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളിലേക്കെത്തുന്ന പുത്തന്‍ ഡിസയറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാരുതി സുസുക്കി ഇതിനകം തന്നെ വലിയ തോതില്‍ പുതു തലമുറ ഡിസയറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന സൂചനകളാണ് പുതിയ വിഡിയോ നല്‍കുന്നത്.
ഒരു ഇന്‍സ്റ്റഗ്രാം പേജിലുടെയാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. മാരുതി ഡിസയറിന്റെ പ്രൊഡക്ഷന്‍ വെര്‍ഷന്റെ വിഡിയോയാണ് ഇന്‍സ്റ്റഗ്രാം റീലായി എത്തിയത്. രണ്ട് മാരുതി ഡിസയറുകള്‍ ഒരു ട്രെയിലറില്‍ നിന്നും പുറത്തെത്തിച്ച് നിര്‍ത്തിയിട്ടിരിക്കുന്നതും അടുത്തുള്ള ഡീലര്‍ഷിപ്പിലേക്ക് ഓടിച്ചു പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. ‘താങ്ങാവുന്ന വിലയിലുള്ള ഇന്ത്യന്‍ ഔഡി’യെന്നാണ് ഓട്ടോജേണല്‍ ഇന്ത്യ ഡിസയറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഡീപ് ഗ്രേ, ഡീപ് റെഡ് നിറങ്ങളിലുള്ള ഡിസയറുകളാണ് വിഡിയോയിലുള്ളത്. വാഹനത്തിന്റെ എക്സ്റ്റീരിയര്‍ സവിശേഷതകള്‍ വ്യക്തമായി മനസിലാക്കാന്‍ വിഡിയോ വഴി സാധിക്കും. ഡിസൈനില്‍ വലിയ മാറ്റമാണ് ഡിസയറില്‍ മാരുതി സുസുക്കി വരുത്തിയിരിക്കുന്നതെന്ന് വ്യക്തം. സ്വിഫ്റ്റിന്റെ സെഡാന്‍ വകഭേദമെന്ന മുന്‍ ഡിസയറുകളേക്കാള്‍ തനതായ വ്യക്തിത്വം നല്‍കുന്ന ഡിസൈനാണ് ഡിസയറിന് ഇത്തവണ നല്‍കിയിരിക്കുന്നത്.
വലിയ മുന്‍ ഗ്രില്ലും ഹെഡ്‌ലാംപുകള്‍ വരെ നീളുന്ന ക്രോം സ്ട്രിപ്പും നല്‍കിയിരിക്കുന്നു. ഇന്‍ഡിക്കേറ്ററുകള്‍ ഹെഡ്‌ലാംപുകള്‍ക്ക് അടിയിലായാണ് നല്‍കിയിട്ടുള്ളത്. ബംപറില്‍ എല്‍ഇഡി ഫോഗ് ലാംപുമുണ്ട്. കൂടുതല്‍ ഷാര്‍പ്പായ ഡിസൈനാണ് വാഹനത്തിന്റെ മുന്‍ഭാഗത്തിനുള്ളത്. പിന്നില്‍ ടെയില്‍ ഗേറ്റിന്റെ ഇടതുഭാഗത്താണ് ഡിസയര്‍ ബ്രാന്‍ഡിങ് നല്‍കിയിട്ടുള്ളത്.
മുന്‍തലമുറ ഡിസയറുകളെ അപേക്ഷിച്ച് ടെയില്‍ ലാംപ് ഡിസൈനില്‍ വ്യത്യാസമുണ്ട്. വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നതില്‍ മാരുതി വിജയിച്ചുവെന്ന് ഒറ്റ നോട്ടത്തില്‍ പറയാനാകും. അതേസമയം വിഡിയോ പുറത്തുവന്നത് ടോപ് എന്‍ഡ് വകഭേദത്തിന്റെയാവാനുള്ള സാധ്യത കുറവാണ്. ഇലക്ട്രിക് സണ്‍റൂഫ് ഫീച്ചര്‍ വിഡിയോ പുറത്തുവന്ന ഡിസയറില്‍ കാണാനില്ലെന്നതും ശ്രദ്ധേയമാണ്.
അലോയ് വീലുകളും ഒആര്‍വിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ബെയ്ജ് കളേഡ് ഇന്റീരിയേഴ്‌സും മാരുതി ഡിസയറിലുണ്ട്. താഴ്ന്ന വകഭേദങ്ങളില്‍ തുണികൊണ്ടുള്ള അപ്പോള്‍സ്ട്രിയാണെങ്കില്‍ ഉയര്‍ന്ന വകഭേദങ്ങളില്‍ ലെതര്‍ അപ്പോള്‍സ്ട്രിക്കാണ് സാധ്യത. മാരുതി ഡിസയറില്‍ 360 ഡിഗ്രി ക്യാമറ, ഫ്‌ളോട്ടിങ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീറിങ് വീല്‍, കളര്‍ എംഐഡി, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.
സ്വിഫ്റ്റിലെ 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഡിസയറിലുമുള്ളത്. 80 എച്ച്പി കരുത്തും പരമാവധി 112 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. ആദ്യഘട്ടത്തില്‍ പെട്രോളെങ്കില്‍ പിന്നീട് സിഎന്‍ജി എന്‍ജിനും ഡിസയറിന് ലഭിക്കും. 5 സ്പീഡ് മാനുവല്‍/എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. ഹോണ്ട അമേയ്‌സ്, ഹ്യുണ്ടേയ് ഓറ, ടാറ്റ ടിഗോര്‍ എന്നീ മോഡലുകളോടാണ് നവംബര്‍ 11ന് പുറത്തിറങ്ങുന്ന മാരുതി സുസുക്കി ഡിസയര്‍ മത്സരിക്കുക.