ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുല്ല; രണ്ടുഘട്ടമായി തൊടുത്തത്165 റോക്കറ്റുകൾ, കുട്ടിയുൾപ്പെടെ 7 പേർക്ക് പരുക്ക്
ടെഹ്റാൻ: സെപ്റ്റംബറിൽ ലബനനിൽ നടത്തിയ പേജർ സ്ഫോടനം തന്റെ അറിവോടെയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തുറന്നു സമ്മതിച്ചതിനു പിന്നാലെ ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുല്ല. രണ്ടുഘട്ടമായി നൂറുകണക്കിന് റോക്കറ്റുകളാണ് വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുല്ല തൊടുത്തത്
165 ലധികം റോക്കറ്റുകൾ ഹിസ്ബുല്ല ഇസ്രയേലിനു നേരെ തൊടുത്തതായും ഒരു വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഏഴ് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹിസ്ബുല്ല കർമിയേൽ പ്രദേശത്തെ പരിശീലനകേന്ദ്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും വ്യക്തമാക്കി. രണ്ടുഘട്ടമായി നടന്ന ആക്രമണത്തിൽ ആദ്യഘട്ടത്തിലെ എൺപതോളം റോക്കറ്റുകൾ വ്യോമപ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇസ്രയേൽ സൈന്യം തകർത്തു.