ഇറാനില്‍ 200ലേറെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയ യുവാവിനെ പരസ്യമായി തൂക്കിലേറ്റി
തേഹ്റാൻ: 200ലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന്‍റെ വധശിക്ഷ ഇറാൻ നടപ്പാക്കി. മുഹമ്മദ് അലി സലാമത്ത് എന്ന 43കാരനെയാണ് ഇറാൻ പരസ്യമായി തൂക്കിലേറ്റിയത്.
അലി സലാമത്ത് 200-ലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ഉള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്ന് ഹമദാനിലെ ജുഡീഷ്യറി മേധാവി പറഞ്ഞു. വിവാഹ വാഗ്ദനം നല്‍കിയും സൗഹൃദം നടിച്ചും ബലപ്രയോഗത്തിലൂടെയുമെല്ലാമാണ് ഇയാള്‍ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയത്. ഇയാളുടെ ഇരകളില്‍ മൂന്ന് പേർ ആത്മഹത്യ ചെയ്തിരുന്നു.
ജനുവരിയിലാണ് ഇയാള്‍ അറസ്റ്റിലായത്. 200 ഓളം ലൈംഗികാതിക്രമക്കേസുകള്‍ ഇയാള്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടു. തങ്ങളെ ആക്രമിച്ചതിന്‍റെ തെളിവുകള്‍ പലരും നല്‍കുകയും ചെയ്തു. മേയില്‍ ഇയാള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു. കേസുകള്‍ ആദ്യം പരിഗണിച്ച കോടതി തന്നെ വധശിക്ഷ വിധിച്ചു.
പിന്നീട് പ്രതിയുടെ അഭിഭാഷകർ ഒന്നിലധികം അപ്പീല്‍ നല്‍കിയെങ്കിലും ഒടുവില്‍ സുപ്രീംകോടതിയുടെ 39-ാം ബ്രാഞ്ച് ഒക്ടോബറില്‍ വധശിക്ഷ ശരിവെക്കുകയുമായിരുന്നു. ഒടുവില്‍ ഇന്നലെ രാവിലെ ആറിന് ഹമദാനിലെ ബാഗേ ബെഹേഷ്തില്‍ വെച്ച് പ്രതിയെ പരസ്യമായി തൂക്കിക്കൊന്നു.