KSDLIVENEWS

Real news for everyone

ബെന്‍സിന്റെ എംബ്ലത്തില്‍ തൊട്ടതിന് കാറുടമ തല്ലി, ഓട്ടിസം ബാധിതനായ കുട്ടിക്ക് SUV സമ്മാനിച്ച് ഫോര്‍ഡ്

SHARE THIS ON

മാസങ്ങള്‍ക്കുമുമ്പ്, തന്റെ കാറില്‍ തൊട്ടതിന് ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ ബെന്‍സ് കാറുടമ മർദിച്ച സംഭവം സാമൂഹികമാധ്യമങ്ങളില്‍ വലിയ ജനരോഷത്തിനാണ് വഴിവെച്ചത്. ജൂലായില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വൈറലാകുകയും കാര്‍ ഉടമസ്ഥന് നിയമനടപടി നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഇതിനുപിന്നാലെ പത്തുവയസുകാരന് ഫോര്‍ഡ് കമ്പനി പുതിയ കാര്‍ സമ്മാനിച്ച വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്.

കാലിഫോര്‍ണിയ സ്വദേശിയായ ആല്‍ഫ്രെഡൊ മൊറാലസ് എന്ന പത്തുവയസുകാരനാണ് സ്‌കോട്ട് സകജിയാന്‍ എന്നയാളില്‍നിന്നും മര്‍ദനമേറ്റത്. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിക്കുന്ന ആല്‍ഫ്രെഡോയെ സ്‌കോട്ട് ദേഷ്യത്തോടെ വന്ന് മുഖത്തടിക്കുന്ന സിസിടിവി ദൃശ്യമാണ് വൈറലായത്. തന്റെ മെഴ്‌സിഡസ് ബെന്‍സ് സെഡാന്റെ എംബ്ലത്തില്‍ തൊട്ടതിനാണ് സ്‌കോട്ട് കുട്ടിയെ തല്ലിയത്. ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രശ്‌നത്തിലൂടെ കടന്നുപോകുന്ന ആല്‍ഫ്രെഡൊയുടെ കുടുംബത്തിന് പഴയ ഒരു ഫോര്‍ഡ് കാര്‍ മാത്രമാണ് സ്വന്തമായി ഉണ്ടായിരുന്നത്. നവംബര്‍ 11-ന് ഈ വണ്ടിയുടെ അറ്റകുറ്റപ്പണിക്കായി ലോസ് ആഞ്ജലസിലുള്ള ഫോര്‍ഡിന്റെ എയര്‍പോര്‍ട്ട് മറീന സര്‍വീസ് സെന്ററില്‍ എത്തിയതായിരുന്നു ആല്‍ഫ്രെഡൊയുടെ അച്ഛന്‍ മിഗേല്‍ മൊറാലെസ്. 2010-ല്‍ ഇറങ്ങിയ ഫോര്‍ഡ് എഫ്-150 മോഡല്‍ കാറായിരുന്നു അത്. എന്‍ജിനടക്കം മാറ്റിവയ്‌ക്കേണ്ട അവസ്ഥയായിരുന്നു ആ കാറിന്.

എന്നാല്‍ മിഗേലിനെ തിരിച്ചറിഞ്ഞ എയര്‍പോര്‍ട്ട് മറീന ഫോര്‍ഡ് ജനറല്‍ മാനേജര്‍ ഡാന്‍ തിറോക്‌സ് അവര്‍ക്ക് ഒരു പുതിയ കാര്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 2023-ല്‍ ഇറങ്ങിയ ബ്രാന്‍ഡ് ന്യൂ ഫോര്‍ഡ് എക്‌സ്‌പ്ലോററാണ് ഫോര്‍ഡ് കമ്പനി ആല്‍ഫ്രെഡൊയുടെ കുടുംബത്തിന് സമ്മാനിച്ചത്. എല്ലാവരുടേയും നല്ല മനസിന് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ലെന്നും സഹായിക്കുന്നവര്‍ക്കും ദൈവത്തിനും നന്ദി പറയുന്നതായും ആല്‍ഫ്രെഡൊയുടെ അച്ഛന്‍ മിഗേല്‍ പറയുന്നു.

വാടകവീട്ടില്‍ താമസിക്കുന്ന ആല്‍ഫ്രെഡോയുടെയും കുടുംബത്തിന്റെയും കഷ്ടപ്പാട് മനസിലാക്കിയ കാലിഫോര്‍ണിയയിലെ ജനങ്ങള്‍ കുട്ടിയുടെ ചികിത്സയ്ക്കടക്കമുള്ള സാമ്പത്തിക സഹായം ലഭ്യമാക്കാനായി സഹായസംഘം രൂപീകരിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം 2023 ഓഗസ്റ്റില്‍ ഇവര്‍ക്ക് ആകെയുള്ള വരുമാനമാര്‍ഗമായ ഹോട്ടല്‍ അടച്ചുപൂട്ടേണ്ടി വന്നിരുന്നു. ഈ ഹോട്ടല്‍ അടുത്ത വര്‍ഷത്തോടെ വീണ്ടും തുറന്നുകൊടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നതായി സഹായസംഘത്തിലെ അംഗങ്ങള്‍ പറയുന്നു.

error: Content is protected !!