KSDLIVENEWS

Real news for everyone

തലപ്പാടി-ചെർക്കള റീച്ചിലെ
ദേശീയപാത 6 വരി, പക്ഷേ പാലങ്ങൾ 5 വരി മാത്രം

SHARE THIS ON

കാസർകോട്: ജില്ലയിലെ ദേശീയപാത 6 വരിയായി നവീകരിക്കുമ്പോൾ പല പാലങ്ങളും 5 വരി മാത്രമായി തുടരും. തലപ്പാടി–ചെർക്കള ഒന്നാം റീച്ചിലെ ഉപ്പള, ഷിറിയ, മൊഗ്രാൽ എന്നിവിടങ്ങളിലെ  പാലങ്ങളാണ് 5 വരി പാത മാത്രമായി ഗതാഗതത്തിനു തുറന്നുകൊടുക്കുന്നത്. ഈ 3 സ്ഥലത്തും 3 വരിയായി പുതിയ പാലങ്ങൾ പണിതപ്പോൾ 2 വരി സൗകര്യം മാത്രമുള്ള പഴയ പാലം ഇതോടൊപ്പം നിലനിർത്തുകയാണ് ചെയ്യുന്നത്. ഇതാണ് ഇവിടെ 5വരി പാതയായി ദേശീയപാത അവശേഷിക്കുന്നതിനു കാരണം.

പഴയ പാലം നിലനിർത്തുന്നിടത്ത് 5 വരി മാത്രം
ഉപ്പള, ഷിറിയ, മൊഗ്രാൽ എന്നിവിടങ്ങളിൽ നിലവിലുള്ള 2 വരി പാലം നിലനിർത്തി മോടി കൂട്ടുകയും ഒപ്പം മറ്റൊരു പാലം 3 വരി കൂടി പണിയുകയും ചെയ്താണ് പാത വികസനം. അധികം പഴക്കമില്ലാത്തതും ഈടുറപ്പുള്ളതുമാണ് ഇവ എന്നതാണ് ഇവിടെ പാലം പൊളിക്കാതിരിക്കാനുള്ള കാരണം.ആറും എട്ടും വരി പാതകൾ എന്നു പറ‍ഞ്ഞു കേൾക്കുമ്പോഴും തങ്ങളുടെ പാലത്തിൽ എന്തേ അഞ്ചായി ചുരുങ്ങിയത് എന്ന ചോദ്യം പ്രദേശവാസികൾ ഉയർത്തുന്നു. പാലത്തിനു സമീപം 100 മീറ്ററിനുള്ളിൽ സർവീസ് റോഡും ഇല്ല. ഉപ്പളയിലും മൊഗ്രാലിലും പുതിയ 3 വരി പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു. ഷിറിയയിൽ 3 വരിപാത അവസാന മിനുക്കു പണിയിലാണ്. 

6 വരിയാകുന്ന പാലങ്ങൾ
ചെർക്കള– നീലേശ്വരം രണ്ടാം റീച്ചിൽ കാര്യങ്കോട് പാലം പൂർണമായും പൊളിച്ച് 3 വരി വീതമുള്ള 2 പാതകളാണ് പണിയുന്നത്. ഇതോടെ ഇത് 6 വരിയാകും. നീലേശ്വരത്ത് പുതിയ പാലം 3 വരിയായി നിർമാണം തുടങ്ങി. പഴയ പാലം പൊളിച്ച് അതും 3 വരിയാക്കുന്നതോടെ ഇവിടെയും 6 വരി ലഭിക്കും. തെക്കിലിലും 3 വരിയായി പുതിയ പാലം പണി പുരോഗമിക്കുകാണ്. ഇവിടെ പഴയ പാലം പൊളിക്കുന്നുണ്ടോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല. ഈ പാലം ബലക്ഷയമില്ലെങ്കിൽ 3 വരിയായി വികസിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് സൂചന.പടന്നക്കാട് റെയിൽവേ മേൽപ്പാലം നിലവിലെ 2 വരിക്കു പുറമേ 4 വരിയായാണ് പുതിയ പാലം വരുന്നത്. പുല്ലൂരിൽ പുതിയതായി പണിയുന്ന 2 പാലവും 3 വരി വീതം ഉണ്ട്.ഒന്നാം റീച്ചിൽ കുമ്പളയിൽ നിലവിലുള്ളത് പൊളിച്ചു 2 പാലം പണിയുന്നതിനാൽ ഇവിടെ 6 വരിയാകും. കുമ്പള പാലം ഗതാഗതത്തിനു തുറന്നു കൊടുത്തു.

ദേശീയപാത അധികൃതരുടെ വാദം ഇങ്ങനെ
ദേശീയപാത വിഭാഗം നിർദേശിച്ചത് മാത്രം ചെയ്യുകയാണ് തങ്ങളുടെ ജോലിയെന്ന് നിർമാണ കമ്പനി അധികൃതർ പറയുന്നു. ശക്തമായ പ്രക്ഷോഭം ഉയർന്ന പല ഇടങ്ങളിലും  മുൻ തീരുമാനങ്ങൾ മാറ്റിയിട്ടുണ്ട്. ജനപ്രതിനിധികൾക്ക് മാത്രമല്ല ജില്ലാ ഭരണകൂടം അധികൃതർക്കു പോലും ജില്ലയിൽ ഏതൊക്കെ ഇടങ്ങളിൽ എങ്ങനെയൊക്കെയാണ് പാതയുടെ വിന്യാസം എന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. പണി ഫിനിഷിങ് ചെയ്ത് ഗതാഗതത്തിനു തുറന്നു കൊടുക്കുമ്പോഴാണ് പല ഇടങ്ങളിലും നാട്ടുകാർ കുടുക്കിലായല്ലോ എന്നറിയുന്നത്.  ഉപ്പള 146, ഷിറിയ 330, മൊഗ്രാൽ 255 മീറ്റർ, കുമ്പളയിൽ. 266 മീറ്റർ എന്നിങ്ങനെയാണ് പാലങ്ങളുടെ നീളം.

• സർവീസ് റോഡിനെക്കുറിച്ച് വ്യാപകപരാതികൾ
 തലപ്പാടി – ചെങ്കള റീച്ചിൽ 75 ശതമാനം ജോലികൾ പൂർത്തിയായിരിക്കുമ്പോൾ പല ഇടങ്ങളിലും പരാതികളും ഉയർന്നു തുടങ്ങി. സർവീസ് റോഡുകളിലെ കുരുക്ക് സംബന്ധിച്ചാണ് ഏറെയും. മൊഗ്രാൽ – കുമ്പള സർവീസ് റോഡിൽ അശാസ്ത്രീയ നിർമാണമെന്ന പരാതി കേൾക്കാൻ തുടങ്ങിയിട്ടു ഏറെയായി. ഇടുങ്ങിയ റോഡും യാത്രക്കാരുടെ സുരക്ഷയും കടുത്ത ഭീഷണിയാണ്്. വാഹനാപകടങ്ങളും മരണവും പതിവായി. ദേശീയവേദി അടക്കമുള്ള സംഘടനകളുടെ ഇടപെടൽ വഴി ഇപ്പോൾ ഓവുചാലിന്റെ സ്ലാബും റോഡും തമ്മിലുള്ള അന്തരം തീർക്കാനുള്ള ജോലി തുടങ്ങിയിട്ടുണ്ട്. 

സ്ലാബും റോഡും തമ്മിലുള്ള അന്തരം ഏറെ ഉയർന്നു നിൽക്കുന്നതാണ്  സർവീസ് റോഡിൽ വാഹനാപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നതെന്ന ആരോപണം ഉയർന്നിരുന്നു. മാസങ്ങൾക്ക് മുൻപ് അടുക്കത്ത് ബയൽ സർവീസ് റോഡിൽ ലോറി ഓട്ടോയ്ക്കിടിച്ച് ഇതിലുണ്ടായിരുന്ന എൻജിനീയറിങ് കോളജ് പ്രിൻസിപ്പലിനു പരുക്കേറ്റിരുന്നു. കനത്ത ഇടിയുടെ ആഘാതത്തിൽ ഓട്ടോ തെറിച്ചു വീഴാത്തതും മറ്റു വാഹനങ്ങൾ കയറി വരാത്തതും കൊണ്ട് മാത്രം ജീവൻ രക്ഷപ്പെടുകയായിരുന്നു.  കൊപ്പളം സർവീസ് റോഡിൽ മാത്രം ഒരാഴ്ചയ്ക്കിടെ 1 മരണവും 2 വാഹനാപകടവുമാണ് ഉണ്ടായത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!