യുപിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദിൽ സർവേ നടത്താൻ കോടതി ഉത്തരവ്
ബറേലി: നൂറ്റാണ്ടുകൾ പഴക്കമുള്ള യുപിയിലെ സംഭാൽ മുസ്‍ലിം പള്ളിയിൽ സർവേ നടത്താൻ ഉത്തരവിട്ട് ജില്ലാകോടതി. ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഒരുവിഭാഗം നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. സംഭാൽ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന സംഭാൽ ജുമാ മസ്ജിദിനെതിരെയാണ് ഹരജി നൽകിയിരിക്കുന്നത്.
ഗ്യാൻവാപി-കാശി വിശ്വനാഥ് തർക്കം ഉൾപ്പെടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മസ്ജിദുകൾക്കെതിരെ ഹരജി നൽകിയ അഭിഭാഷകരായ വിഷ്ണു ശങ്കർ ജെയിനും പിതാവ് ഹരി ശങ്കർ ജെയിനുമാണ് ഹരജി നൽകിയിരിക്കുന്നത്.
ഹരി ഹർ മന്ദിർ എന്ന് അറിയപ്പെട്ടിരുന്ന ക്ഷേത്രം മുഗൾ ചക്രവർത്തി ബാബർ തകർത്താണ് അവിടെ മസ്ജിദ് പണിതതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഹരജിയിൽ കേന്ദ്ര സർക്കാർ, യുപി സർക്കാർ, മസ്ജിദ് കമ്മിറ്റി, സംഭാൽ ജില്ലാ കലക്ടർ എന്നിവരെ കോടതി കക്ഷികളാക്കിയിട്ടുണ്ട്.
ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളും ചിഹ്നങ്ങളും മസ്ജിദിൽ ഉണ്ടെന്നായിരുന്നു വാദം. ഇത് പരിഗണിച്ച കോടതി അഭിഭാഷക കമ്മീഷണറുടെ മേൽനോട്ടത്തിൽ സർവെ നടത്താൻ ഉത്തരവിട്ടു. തൊട്ടുപിന്നാലെ അഭിഭാഷ കകമ്മീഷണറും സംഘവും പൊലീസ് അകമ്പടിയോടെ എത്തി ജുമാമസ്ജിദിൽ സർവെ നടത്തി. സർവെ അവസാനിച്ചതിന് ശേഷം, ക്ഷേത്രത്തിന് മുകളിലാണ് മസ്ജിദ് നിർമ്മിച്ചതെന്ന് തെളിയിക്കുന്ന തെളിവുകളോ വസ്തുക്കളോ കണ്ടെത്തിയില്ലെന്ന് ജുമാ മസ്ജിദ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
ഏഴ് ദിവസത്തിനകം സർവേ സംഘം റിപ്പോർട്ട് സമർപ്പിക്കും. ഹരജി നവംബർ 29 ന് വീണ്ടും കോടതി പരിഗണിക്കും.