KSDLIVENEWS

Real news for everyone

പാലക്കാട് വിജയ പ്രതീക്ഷയെന്ന് സരിൻ; 5,000 വോട്ടുകള്‍ക്ക് മേല്‍ ഭൂരിപക്ഷം നേടും: യുഡിഎഫ് 3-ാം സ്ഥാനത്തേക്ക് പോകും

SHARE THIS ON

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. എല്‍ഡിഎഫിൻ്റെ 40,000 രാഷ്ട്രീയ വോട്ടുകള്‍ പോള്‍‍ ചെയ്തുവെന്നും 50000 വോട്ടുകള്‍ അനായാസം നേടാനാവുമെന്നും സരിൻ പറഞ്ഞു.

നമസ്തേ കേരളത്തിലാണ് സരിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ പോളിംഗ് കുറഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനിടെയാണ് സരിൻ്റെ പ്രതികരണം.

എൻഡിഎഫ് അയ്യായിരം വോട്ടുകള്‍ക്ക് മേല്‍ ഭൂരിപക്ഷം നേടും. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോവുമെന്നും സരിൻ കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട് പോളിംഗ് ശതമാനം കുറഞ്ഞതിന്‍റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. 70.51 % ആണ് രേഖപ്പെടുത്തിയ പോളിംഗ്. അതേസമയം, ശക്തി കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞിട്ടില്ലെന്ന അവകാശ വാദത്തിലാണ് യുഡിഎഫ്. നഗരസഭയില്‍ പോളിംഗ് കൂടിയത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതീക്ഷയോടെയാണ് ഇടതുമുന്നണിയും മുന്നോട്ട് പോവുന്നത്.

2021 ല്‍ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലേറെയാണ് പോളിംഗിലുണ്ടായ കുറവ്. അതേസമയം ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഇത്തവണ പോളിംഗ് ഉയർന്നു. എന്നാല്‍ കോണ്‍ഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലും വോട്ട് കുറയുകയും ചെയ്തു. ഇത് മുന്നണികളുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ചിരിക്കുകയാണ്.

ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം ഇന്ന് വിധിയെഴുതിയത്. രാവിലെ മന്ദഗതിയില്‍ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ് മെച്ചപ്പെട്ടത്. പാലക്കാട് നഗരസഭയില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്ന് ബിജെപിയാണ് നഗരസഭാ പരിധിയില്‍ കൂടുതല്‍ വോട്ട് നേടിയത്. ഇത്തവണ ഇവിടെ ഒറ്റയടിക്ക് അഞ്ച് ശതമാനത്തിലേറെ വോട്ട് ഉയ‍ർന്നു. ഇത് വലിയ വിജയ പ്രതീക്ഷയാണ് ബിജെപി ക്യാമ്ബില്‍ ഉണ്ടാക്കിയിരിക്കുന്നത്.

മറുവശത്ത്, യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണ 77 ശതമാനമായിരുന്ന പോളിങ്, ഇത്തവണ 69.78 ശതമാനമായി കുറഞ്ഞു. ഇതാണ് യുഡിഎഫ് ക്യാമ്ബില്‍ ചങ്കിടിപ്പുയരാൻ കാരണം. മണ്ഡലത്തിൻ്റെ ഭാഗമായ കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും പോളിംഗ് ശതമാനം കുറ‌ഞ്ഞു. കണ്ണാടി പഞ്ചായത്തില്‍ 68.42 ശതമാനവും മാത്തൂരില്‍ 68.29 ശതമാനവുമാണ് പോളിംഗ്. ഇവിടെ സിപിഎമ്മിനും കോണ്‍ഗ്രസിനും ഏറെക്കുറെ തുല്യശക്തിയാണ്.

വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപി ക്യാമ്ബില്‍ വിജയപ്രതീക്ഷ ഉയ‍ർന്നിട്ടുണ്ട്. നഗരസഭ പരിധിയില്‍ വോട്ട് കൂടിയത് അനുകൂലമാകുമെന്നാണ് ബിജെപി ഉറച്ച്‌ വിശ്വസിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപിയില്‍ ഉണ്ടായ യോജിപ്പ് ഗുണം ചെയ്തുവെന്നാണ് നേതാക്കള്‍ കരുതുന്നത്. പിരായിരി പഞ്ചായത്തിലടക്കം യുഡിഎഫ് വോട്ട് വലിയ തോതില്‍ ബിജെപിക്ക് കിട്ടിയെന്നും വിലയിരുത്തുന്നുണ്ട്. 2,500 നും 4,000 നും ഇടയില്‍ ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍ യുഡിഎഫില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. നേരത്തെ അഞ്ചക്ക ഭൂരിപക്ഷം അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസ് ക്യാമ്ബില്‍ ആ ആത്മവിശ്വാസം ഇപ്പോഴില്ല. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ നാലായിരം വോട്ട് ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നാണ് നേതാക്കള്‍ പറയുന്നത്.

2021 ല്‍ 5000 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാ‍ർത്ഥിയായിരുന്ന ഷാഫി പറമ്ബില്‍ മണ്ഡലത്തില്‍ ജയിച്ചത്. അന്ന് സിപിഎമ്മില്‍ നിന്ന് വലിയ തോതില്‍ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇടത് സ്ഥാനാ‍ർത്ഥി ഡോ.പി.സരിനായി ഇത്തവണ ശക്തമായ പ്രചാരണം ഇടതുമുന്നണിയും കാഴ്ചവച്ചിരുന്നു. അവസാന നിമിഷം വരെയുള്ള വാശിയേറിയ പോരാട്ടമാണ് മണ്ഡലത്തില്‍ കണ്ടത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായിരുന്ന സ്ഥിതിയില്‍ നിന്ന് നില മെച്ചപ്പെടുത്തി രണ്ടാമതെത്താൻ സാധിക്കുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. പാലക്കാടൻ കാറ്റ് ആർക്ക് അനുകൂലമെന്ന് 23 ന് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!