KSDLIVENEWS

Real news for everyone

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ 824 കോടിയുടെ ജി.എസ്.ടി വെട്ടിപ്പ്: നടപടിയുമായി സര്‍ക്കാര്‍

SHARE THIS ON

വന്‍തോതില്‍ ജി.എസ്.ടി വെട്ടിപ്പ് നടത്തി ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍. ബൈനാന്‍സ്, വാസിര്‍എക്‌സ്, കോയിന്‍ഡിസിഎക്‌സ്, കോയിന്‍ സ്വിച്ച് കുബേര്‍ തുടങ്ങിയ എക്‌സ്‌ചേഞ്ചുകളാണ് 824.14 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയത്. അതേസമയം, പിഴയും പലിശയും ഉള്‍പ്പടെ 122.29 കോടി രൂപമാത്രമാണ് ഇവരില്‍നിന്ന് ലഭിച്ചതെന്ന് പാര്‍ലമെന്റില്‍ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.

ബൈനാന്‍സ് ഗ്രൂപ്പ് കമ്പനിയാണ് ഏറ്റവും കൂടുതല്‍ തുകയുടെ വെട്ടിപ്പ് നടത്തിയത്. 722.43 കോടി രൂപയാണ് ഇവര്‍ സര്‍ക്കാരിലേയ്ക്ക് അടയ്ക്കാനുള്ളത്. വാസിര്‍ എക്‌സ് 40.51 കോടിയും കോയിന്‍ഡിസിഎക്‌സ് 16.84 കോടിയും കോയിന്‍സ്വിച്ച് കുബേര്‍ 14.13 കോടിയുമാണ് വെട്ടിപ്പുനടത്തിയത്. ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് നിലവില്‍ 18 ശതമാനമാണ് ജിഎസ്ടി നല്‍കേണ്ടത്.

ഗിഫ്റ്റ് കാര്‍ഡുകളോ, വൗച്ചറുകളോ ഒഴികെയുള്ള ക്രിപ്‌റ്റോ ആസ്തികളെ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍(വിഡിഎ)-എന്നാണ് ആദായ നികുതി നിയമത്തിലെ വകുപ്പ് 2(47എ) പ്രകാരം തരംതിരിച്ചിട്ടുള്ളത്.

ക്രിപ്‌റ്റോകറന്‍സി ഇടപാടുകളില്‍നിന്നുള്ള നേട്ടത്തിന് 30 ശതമാനമാണ് നിലവില്‍ വ്യക്തികള്‍ ആദായ നികുതി നല്‍കേണ്ടത്. പ്രതിവര്‍ഷം 50,000 രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് സ്രോതസില്‍നിന്ന് (ഒരു ശതമാനം) നികുതി ഈടാക്കുകയും ചെയ്യും.

2023 മാര്‍ച്ചിന് ശേഷമാണ് ക്രിപ്‌റ്റോ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ പിഎംഎല്‍എ നിയമത്തിന് കീഴില്‍ കൊണ്ടുവന്നത്. ഇതുപ്രകാരം ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും സേവനദാതാക്കളും ഇടപാടുകാരുടെ കൈവൈസി മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ നിരീക്ഷണത്തിലാണ് ഈ എക്‌സ്‌ചേഞ്ചുകള്‍.

47 വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍(വിഡിഎ എസ്പി)ആണ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ് യൂണിറ്റില്‍ 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ധനമന്ത്രാലയം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!