13 വർഷത്തിനുശേഷവും കാര്യമായ പുരോഗതിയില്ല; കൊച്ചി സ്മാർട്ട്സിറ്റി പദ്ധതിയിൽനിന്ന് ടീകോം ഒഴിയുന്നു
തിരുവനന്തപുരം: കൊച്ചി സ്മാർട്ട്സിറ്റി പദ്ധതിയിൽനിന്ന് പ്രധാന പങ്കാളിയായ ടീ കോം (ദുബായ് ഹോൾഡിങ്സ്) ഒഴിവാകുന്നു. കരാറൊപ്പിട്ട് 13 വർഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്തതിനാൽ സംസ്ഥാന സർക്കാരിന്റെ സമ്മർദത്തിനൊടുവിലാണ് പിന്മാറ്റം.
കെട്ടിടനിർമാണത്തിനടക്കം പദ്ധതിയിൽ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവർക്ക് നഷ്ടപരിഹാരം നൽകാനാണ് സർക്കാർ തലത്തിലുണ്ടായ ധാരണ. യു.എ.ഇ.ക്ക് പുറത്തുള്ള പദ്ധതികളുമായി മുന്നോട്ടുപോകേണ്ടെന്ന ടീ കോമിന്റെ തീരുമാനത്തിന്റെ തുടർച്ചയായിക്കൂടിയാണ് പിന്മാറ്റം. ടീ കോം ഒഴിയുന്നസാഹചര്യത്തിൽ ഇവിടെ മറ്റ് നിക്ഷേപപദ്ധതികളെക്കുറിച്ച് സർക്കാർ ആലോചന തുടങ്ങി.
കാക്കനാട് ഇൻഫോ പാർക്കിനോടുചേർന്ന് ഐ.ടി. ടൗൺഷിപ്പായിരുന്നു 2011-ൽ കരാർ ഒപ്പിട്ട പദ്ധതിയുടെ ലക്ഷ്യം. പത്തുവർഷത്തോളമായി ദുബായ് ഹോൾഡിങ്സ് കൊച്ചിയിൽ കാര്യമായ നിക്ഷേപം നടത്തുകയോ കരാർപ്രകാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ചെയ്തിരുന്നില്ല. പദ്ധതിയിൽ കാര്യമായ ശ്രദ്ധപുലർത്താത്തതിനാൽ പിന്മാറ്റം സംബന്ധിച്ച് ടീ കോമുമായി സർക്കാർതലത്തിൽ പലവട്ടം ചർച്ച നടന്നിരുന്നു.
സ്മാർട്ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി നൽകിയ ശുപാർശ ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ചു. ടീ കോമുമായി ചർച്ചകൾ നടത്തി പരസ്പരധാരണയോടെ പിന്മാറ്റനയം തയ്യാറാക്കാനാണ് തീരുമാനം. നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കാനും തീരുമാനിച്ചു.
സ്മാർട്ട്സിറ്റി പദ്ധതി
സംസ്ഥാനസർക്കാരിന് 16 ശതമാനവും ടീ കോമിന്റെ മാതൃകന്പനിയായ ദുബായ് ഹോൾഡിങ്സിന് 84 ശതമാനവും ഓഹരിപങ്കാളിത്തം. പദ്ധതിയുടെ ആദ്യ ഐ.ടി. ടവർ 2016-ൽ ഉദ്ഘാടനംചെയ്തു. 2020-ഓടെ പദ്ധതി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.
ലക്ഷ്യമിട്ടത്
88 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള നിർമാണം
പത്തുവർഷത്തിനിടെ 90,000 തൊഴിലവസരങ്ങൾ
നടപ്പായത്
6.5 ലക്ഷം ചതുരശ്രയടിയുള്ള ഐ.ടി. ടവർ
ഐ.ടി.യിതര മേഖലകളിലേതടക്കം 37 കന്പനികൾ നിലവിൽ പ്രവർത്തിക്കുന്നു
നിർമാണപങ്കാളികളായി ആറു കമ്പനികൾ. ഇവരുടെ നേതൃത്വത്തിൽ നിർമാണങ്ങൾ ഇപ്പോഴും നടക്കുന്നു.