KSDLIVENEWS

Real news for everyone

അടുത്ത വർഷം അവസാനത്തോടെ എല്ലാ വിമാനങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കും; ഖത്തർ എയർവേയ്‌സ് സി.ഇ.ഒ

SHARE THIS ON

ദോഹ: സ്റ്റാർ ലിങ്കുമായി സഹകരിച്ചുള്ള ഇന്റർനെറ്റ് സേവനം എല്ലാ വിമാനങ്ങളിലും ലഭ്യമാക്കുമെന്ന് ഖത്തർ എയർവേസ്. അടുത്ത വർഷം അവസാനത്തോടെ എല്ലാ യാത്രക്കാർക്കും സേവനം ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സിഇഒ ബദർ അൽ മീർ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ സ്റ്റാർ ലിങ്കുമായി സഹകരിച്ച് വയർലെസ് ഇന്റർനെറ്റ് സൗകര്യമുള്ള ലോകത്തെ ആദ്യത്തെ ബോയിങ് 777 വിമാനം ഖത്തർ എയർവേസ് അവതരിപ്പിച്ചിരുന്നു. മുഴുവൻ വിമാനങ്ങളിലും ഈ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഊർജിതമായി പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ 14 വിമാനങ്ങളിൽ സേവനം ലഭ്യമാക്കും. ഏപ്രിൽ മെയ് മാസത്തോടെ ഇത് 60 വിമാനങ്ങളിലേക്ക് വ്യാപിപ്പിക്കും. വർഷാവസാനത്തോടെ ഖത്തർ എയർവേസിന്റെ മുഴുവൻ വിമാനങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സിഇഒ ബദർ അൽമീർ പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷയും ഏറ്റവും മികച്ച സേവനങ്ങളുമാണ് ഖത്തർ എയർവേസിന്റെ മുൻഗണന. പ്രതിദിനം 300ഓളം സർവീസുകളാണ് കമ്പനി നടത്തുന്നത്. രണ്ട് ലക്ഷത്തിലേറെ യാത്രക്കാരെ പ്രതിദിനം ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദോഹ ഫോറത്തിൽ ന്യൂസ് മേക്കർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!