KSDLIVENEWS

Real news for everyone

കടലിനടിയില്‍ രണ്ട് മാസമായി താമസം; വീട്ടിനുള്ളില്‍ ബെഡും ഇന്റര്‍നെറ്റും; പക്ഷെ കുളി മാത്രം പ്രശ്‌നം

SHARE THIS ON

ഒരു ലോക റെക്കോർഡ് സ്ഥാപിക്കുന്നതിന് എളുപ്പമുള്ള ധാരാളം വഴികളുണ്ട്. എന്നാല്‍ റുഡിഗര്‍ കോച്ച്‌ തന്റെ വഴി കണ്ടെത്തിയത് വ്യത്യസ്തമായ വഴിയിലൂടെയാണ്.

കടലിനടിയില്‍ 11 മീറ്റർ ആഴത്തില്‍, കഴിഞ്ഞ രണ്ടുമാസമായി പനാമ തീരത്ത് വെള്ളത്തിനടിയില്‍ ക്യാപ്‌സൂളിലാണ് അദ്ദേഹം താമസിക്കുന്നത്. ജര്‍മന്‍ സ്വദേശിയായ 59കാരനായ കോച്ച്‌ എയറോസ്‌പേസ് എഞ്ചിനീയറാണ്. ഒരു റെക്കോഡ് സ്വന്തമാക്കുകയെന്നതിനേക്കാള്‍ ഉപരിയായി ചില പദ്ധതികളും അദ്ദേഹത്തിന്റെ ഈ ഉദ്യമത്തിന് പിന്നിലുണ്ട്. മനുഷ്യജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ചിന്താരീതിയെ തന്നെ മാറ്റി മറിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കടലിനടയില്‍ സ്ഥിരമായി ജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒരു ജീവിവര്‍ഗമെന്ന നിലയില്‍ സമുദ്രത്തിലേക്ക് നീങ്ങുന്നത് നമ്മള്‍ ചെയ്യേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ കടലുകള്‍ മനുഷ്യന്റെ വികാസത്തിന് അനുയോജ്യമായ അന്തരീക്ഷമാണെന്ന് തെളിയിക്കുകയാണ് ഇവിടെ ലക്ഷ്യമിടുന്നതെന്ന് കോച്ച്‌ പറഞ്ഞു.

320 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്യാപ്‌സൂളില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. കിടക്ക, ടോയ്‌ലറ്റ് , ടിവി, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് മുതലായവയും വ്യായാമം ചെയ്യുന്നതിനായുള്ള എക്‌സര്‍സൈസ്സ് ബൈക്കുമെല്ലാം ഇതിനുള്ളലുണ്ട്.

പക്ഷേ, ഒരേയൊരു കാര്യത്തിനുള്ള സൗകര്യം മാത്രം ഇതില്‍ ഇല്ല. കുളിക്കുന്നതിനുള്ള സൗകര്യമാണ് ഈ ക്യാപ്‌സൂളിനുള്ളില്‍ ഇല്ലാത്തത്. കോച്ച്‌ താമസിക്കുന്ന ക്യാപ്‌സൂള്‍ കടലിന് മുകളിലുള്ള മറ്റൊരു അറയിലേക്ക് ലംബമായ ട്യൂബിലൂടെ ഘടിപ്പിച്ചിരിക്കുന്നു. കോച്ചിന്റെ ടീമിലെ മറ്റ് അംഗങ്ങള്‍ ഇതിലാണ് താമസിക്കുന്നത്. ഭക്ഷണവും മറ്റും ഇതിലൂടെയാണ് കൈമാറുന്നത്. അതേസമയം, വെള്ളത്തിനടയിലെ ചേംബര്‍ മത്സ്യങ്ങള്‍ക്ക് അഭയം നല്‍കുകയും ഒരു കൃത്രിമ പാറയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ”ചേംബറിന് പുറത്ത് മത്സ്യങ്ങളുണ്ട്. കടലിനടയിലെ എല്ലാ വസ്തുക്കളുമുണ്ട്. ഞങ്ങള്‍ ഇവിടേക്ക് വരുന്നതിന് മുമ്ബ് അവ അവിടെ ഉണ്ടായിരുന്നില്ല,” കോച്ച്‌ പറഞ്ഞു.

ഈ വര്‍ഷം സെപ്റ്റംബര്‍ 26നാണ് കോച്ച്‌ കടലിനടിയില്‍ താമസം ആരംഭിച്ചത്. ജനുവരി 24ന് പുറംലോകത്തെത്തുമെന്നാണ് കരുതുന്നത്. നൂറ് ദിവസം കടലിനടയില്‍ കഴിഞ്ഞ അമേരിക്കന്‍ സ്വദേശിയായ ജോസഫ് ഡിറ്റൂരിയുടെറെക്കോർഡ് കോച്ച്‌ മറികടക്കുമെന്നാണ് കരുതുന്നത്. രണ്ട് ക്ലോക്കുകള്‍ ചേംബറിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒന്നില്‍ ദൗത്യത്തിന് എത്ര സമയം കഴിഞ്ഞുവെന്ന് കാണിക്കുന്നു. ഒന്നിലാകട്ടെ ദൗത്യം പൂർത്തിയാകുന്നതിന് ഇനി എത്ര സമയം അവശേഷിക്കുന്നുവെന്നും കാണിക്കുന്നു.

വടക്കന്‍ പനാമയ്ക്ക് പുറത്തുള്ള പ്യൂര്‍ട്ടോ ലിന്‍ഡോ തീരത്ത് നിന്ന് ബോട്ടില്‍നിന്ന് ഏകദേശം 15 മിനിറ്റ് യാത്ര ചെയ്താല്‍ കോച്ചിന്റെ ക്യാപ്‌സൂളിന് സമീപത്തെത്താന്‍ കഴിയും. ക്യാപ്‌സൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വൈദ്യുതിയും ബാക്ക്‌അപ് ജനറേറ്ററിന്റെ പ്രവര്‍ത്തനങ്ങളും ഇസ്രയേല്‍ സ്വദേശിയായ ഇയാള്‍ ബെര്‍ജയാണ് നിയന്ത്രിക്കുന്നത്. വലിയ കൊടുങ്കാറ്റ് പദ്ധതിയെ ഏറെക്കുറെ താറുമാറാക്കിയതായി കോച്ച്‌

എഎഫ്പിയോട് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പുറമെ ഡോക്ടര്‍ക്കും മക്കള്‍ക്കും ഭാര്യക്കും മാത്രമാണ് കോച്ചിനെ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളത്.

കനേഡിയന്‍ വ്യവസായിയായ ഗ്രാന്‍ഡ് റോമണ്ട് ആണ് കോച്ചിന്റെ ഉദ്യമത്തെ പിന്തുണയ്ക്കുന്നത്. ക്യാപ്‌സൂളില്‍ സ്ഥാപിച്ച നാല് കാമറകള്‍ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ എപ്പോഴും നിരീക്ഷിക്കുന്നുണ്ട്. ദൈനംദിന ജീവിതം പകര്‍ത്തുന്നതിനൊപ്പം മാനസികാരോഗ്യവും നിരീക്ഷിക്കുന്നു. കരയില്‍ തിരിച്ചെത്തിയാല്‍ എന്താണ് ഉടനെ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നന്നായി കുളിക്കണമെന്നാണ് അദ്ദേഹം നല്‍കിയ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!