ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസുമായി സഖ്യത്തിന് സാധ്യതയില്ലെന്ന് കെജ്രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള സാധ്യത തള്ളി ആം ആദ്മി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. തന്റെ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 70 അംഗ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളുമായി ആം ആദ്മി ചര്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കെജ്രിവാളിന്റെ തുറന്നുപറച്ചില്‍.
ഈ മാസം ആദ്യം എഎപി നേതാവ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആം ആദ്മിയുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും, ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 20 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക ആംആദ്മി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഡല്‍ഹിയിലെ 70 സീറ്റുകളില്‍ 55 സീറ്റുകള്‍ വരെ ആം ആദ്മി ലക്ഷ്യമിടുന്നുണ്ട്. 15 എണ്ണം നേടാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. 2020 ലെ തിരഞ്ഞെടുപ്പില്‍ 62 സീറ്റുകളാണ് ഡല്‍ഹിയില്‍ എഎപി നേടിയത്.