നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യ വികസിതരാജ്യമാകും-പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യ വികസിതരാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യക്കാര്‍ പ്രചോദിതരാണ്. രാജ്യം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ ഐക്യത്തിന് സ്വാതന്ത്ര്യത്തിന് ശേഷം മുറിവേറ്റെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ തീരുമാനത്തെ പ്രധാനമന്ത്രി ന്യായീകരിച്ചു. ഇന്ത്യയുടെ ഐക്യത്തിന് പ്രധാന തടസമായിരുന്നു അനുഛേദം 370, അതിനാലാണ് അത് റദ്ദാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യമാണ് മുന്‍ഗണനയെന്നും ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്, ജിഎസ്ടി, ഒറ്റ ആരോഗ്യ കാര്‍ഡ് എന്നിവ രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് രാജ്യം മുഴുവന്‍ തടവറയ്ക്കുള്ളിലാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 75 വര്‍ഷത്തെ ചരിത്രത്തില്‍ 55 വര്‍ഷവും ഒരു കുടുംബം മാത്രമാണ് രാജ്യം ഭരിച്ചതെന്ന് ഗാന്ധി കുടുംബത്തെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. അവരുടെ വൃത്തികെട്ട രാഷ്ട്രീയത്തെക്കുറിച്ച് രാജ്യം അറിയേണ്ടത് പ്രധാനമാണ്. ഭരണഘടനയെ നശിപ്പിക്കാനുള്ള ഒരു അവസരവും കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
നെഹ്റു-ഗാന്ധി കുടുംബം അവരുടെ രാഷ്ട്രീയ നിയന്ത്രണം കാത്തുസൂക്ഷിക്കാനാണ് 1975-ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് രാജ്യത്തെ രക്ഷിക്കാനല്ല, സ്വന്തം കസേര സംരക്ഷിക്കാനാണെന്ന് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ ആയിരക്കണക്കിന് ആളുകളെ ജയിലിലടച്ചു, ജുഡീഷ്യറി ദുര്‍ബലപ്പെടുത്തി. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണിതെന്നും അദ്ദേഹം പറഞ്ഞു.