KSDLIVENEWS

Real news for everyone

ആശുപത്രി, സ്കൂൾ, അഭയാർഥി ക്യാമ്പ്… ഗസ്സയിൽ കൂട്ടക്കൊലകൾ തുടർന്ന് ഇസ്രായേൽ

SHARE THIS ON

ഗസ്സസിറ്റി: ഗസ്സയിലുടനീളം സ്കൂളുകൾക്കും ആശുപത്രികൾക്കും വീടുകൾക്കും നേരെ ബോംബാക്രമണം തുടർന്ന് ഇസ്രായേൽ. കഴിഞ്ഞദിവസം നുസൈറത് അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 36 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ശനിയാഴ്ചയും നിരവധി പേർ കൊല്ലപ്പെട്ടു.

ശനിയാഴ്ച രാവിലെ ജബലിയയിൽ വീടിന് നേരെ നടത്തിയ ആക്രമണത്തിൽ സാദല്ലാഹ് കുടുംബത്തിലെ നാലുപേർ മരണത്തിന് കീഴടങ്ങി. ഗസ്സ സിറ്റിയിലെ വടക്കുകിഴക്കൻ മേഖലയിലെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിന്റെ തെക്ക് ടെന്റിൽ അഭയം തേടിയിരുന്നയാളും ഇസ്രോയലി ബോംബിന് ഇരയായി. ശനിയാഴ്ച വൈകീട്ട് ഗസ്സ സിറ്റിയുടെ വടക്കുപടിഞ്ഞാറ് ജലാ ജംഗ്ഷനിൽ സാധാരണക്കാർക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞദിവസം നുസൈറത് അഭയാർഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ അൽ ഷെയ്ഖ് അലി കുടുംബത്തിലുള്ളവരാണ് ഭൂരിഭാഗവും കൊല്ലപ്പെട്ടത്. 14 മാസമായി തുടരുന്ന യുദ്ധത്തെ തുടർന്ന് കുടിയിറക്കപ്പെട്ട ജനങ്ങളാണ് ഇവിടെ കഴിഞ്ഞിരുന്നത്. എന്നാൽ, പ്രതിരോധ സംഘത്തിന്റെ നേതാവിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നായിരുന്നു ഇസ്രായേലിന്റെ ന്യായീകരണം.

കഴിഞ്ഞ രണ്ട് മാസമായി വടക്കൻ ഗസ്സ ഇസ്രായേലി സൈന്യത്തിന്റെ കടുത്ത ഉപരോധത്തിലാണുള്ളത്. ഭക്ഷണവും വെള്ളവുമില്ലാതെ ജനം മരണത്തോട് മല്ലിടുകയാണ്.

കഴിഞ്ഞദിവസങ്ങളിൽ ബെയ്ത് ലെഹിയ മേഖലയിൽ കമാൽ അദ്‍വാൻ ആശുപത്രിക്ക് നേരെയുള്ള ആക്രമണത്തിനിടെ ഇസ്രായേലി സൈന്യം നിരവധി കെട്ടിടങ്ങൾ തകർക്കുകയും ഡസൻകണക്കിന് വീടുകൾക്ക് ചുട്ട് ചാമ്പലാക്കുകയും ചെയ്തിട്ടുണ്ട്. രാത്രി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മെഡിൽക്കൽ ജീവനക്കാരന് പരിക്കേൽക്കുകയും ആംബുലൻ കത്തിനശിക്കുകയും ചെയ്തു.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യയിൽ ഇതുവരെ 44,900 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം ലക്ഷത്തിന് മുകളിലാണ്. 23 ലക്ഷം വരുന്ന ഗസ്സയിലെ ജനങ്ങളിൽ ഭൂരിഭാഗം പേരും ആഭ്യന്തരമായി കുടിയിറക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!