മുംബൈ ബോട്ടപകടം: ഏഴ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി, നടുക്കുന്ന അനുഭവം വിവരിച്ച് സിഐഎസ്എഫ് ജവാന്‍
മുംബൈ: ഉറാനുസമീപം 15 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടം ഉണ്ടായത് രണ്ടുദിവസം മുൻപാണ്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽനിന്ന് എലിഫെന്റ കേവ്‌സിലേക്ക് പോകുന്നതിനിടയിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചാണ് 110-ലധികം ആളുകളുമായിപോയ യാത്രാബോട്ട് മുങ്ങിയത്. 101 പേരെയാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽ മരണത്തെ മുഖാമുഖം കണ്ട ദമ്പതിമാർ പരിഭ്രാന്തരായി മുങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍നിന്ന് സ്വന്തം മക്കളെ കടലിലേക്ക് വലിച്ചെറിയാന്‍ ശ്രമിച്ചെന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്.
സി.ഐ.എസ്.എഫ് കോൺസ്റ്റബിളായ അമോൽ സാവന്താണ് ഇക്കാര്യം വാർത്താ ഏജൻസിയായ പി.ടി.ഐയോട് വെളിപ്പെടുത്തിയത്. ഡിസംബർ 18-ന് വൈകീട്ട് നാലുമണിയോടെ പതിവു പട്രോളിങ്ങിനിടെയാണ് അപകടം നടന്നതായി വിവരമറിഞ്ഞത്. ബോട്ടിനൊപ്പം മുങ്ങിപ്പോകുമെന്ന് ഭയന്ന് ദമ്പതിമാർ സ്വന്തം കുട്ടികളെ കടലിലേക്ക് എറിയാൻ തയ്യാറായി നിൽക്കുന്നതാണ് തങ്ങൾ കണ്ടതെന്ന് സാവന്ത് പറഞ്ഞു. ഇങ്ങനെ ചെയ്യരുതെന്നും പരിഭ്രാന്തരാകരുതെന്നും അവരോട് ആവശ്യപ്പെടുകയും സാഹചര്യം കൈകാര്യം ചെയ്യുകയായിരുന്നെന്നും അദ്ദേഹം ഓർത്തെടുത്തു.
“ഞാനും അപകടസ്ഥലത്തെത്തിയപ്പോൾ ആദ്യമൊന്ന് നടുങ്ങി. എന്നാൽ പിന്നീട് മുങ്ങുന്ന ഫെറിയിൽ അപകടകരമായി തൂങ്ങിക്കിടക്കുന്ന കുട്ടികളെയും അവരുടെ നിസ്സഹായരായ മാതാപിതാക്കളെയും കണ്ടപ്പോൾ, ഞാനും എൻ്റെ സഹപ്രവർത്തകരും ചേർന്ന് ആദ്യം കുട്ടികളെ ഞങ്ങളുടെ ബോട്ടിലേക്ക് കൊണ്ടുവന്നു. ആറേഴ് കുട്ടികൾക്ക് പിന്നാലെ ഏതാനും സ്ത്രീകളേയും പുരുഷന്മാരേയും ആദ്യഘട്ടത്തിൽ രക്ഷപ്പെടുത്തി.” സാവന്ത് പറഞ്ഞു.
“നിരവധി കൈകൾ ഞങ്ങൾക്ക് നേരെ ഉയർന്നു, ചിലർ നിലവിളിച്ചു, ചിലർ അവരെ രക്ഷിക്കാൻ അഭ്യർത്ഥിച്ചു. കൃത്യമായി എത്രപേരെന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ ആ ഫെറിയിൽ ഉണ്ടായിരുന്ന 50-60 പേരെ സഹായിക്കാനും രക്ഷിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു.” സാവന്ത് കൂട്ടിച്ചേർത്തു.
അതേസമയം അപകടത്തിൽപ്പെട്ട് കാണാതായ ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് മൂന്നുദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ കിട്ടിയത്. ഇതോടെ സംഭവത്തിലെ മരണസംഖ്യ 15 ആയി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാവികസേന ഉത്തരവിട്ടിട്ടുണ്ട്. പോലീസും അന്വേഷിക്കുന്നുണ്ട്.
90 പേർക്ക് സഞ്ചരിക്കാവുന്ന യാത്രാബോട്ടിൽ 110-ലധികം പേരുണ്ടായിരുന്നു എന്നാണ് വിവരം. എന്നാൽ നാവികസേനയ്ക്ക് സ്പീഡ് ബോട്ട് പരിശോധന നടത്താൻ ആരാണ് അനുമതിനൽകിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. സ്പീഡ് ബോട്ട് ഓടിച്ച നാവികന്റെ പേരിൽ കൊളാബ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, ആരാണ് ബോട്ട് ഓടിച്ചതെന്ന വിവരം നാവികസേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രൈവർക്ക് ഈ സ്പീഡ് ബോട്ടിലുള്ള നിയന്ത്രണംവിട്ടതാണ് അപകടത്തിനുകാരണമെന്നാണ് പോലീസ് പറയുന്നത്.