KSDLIVENEWS

Real news for everyone

പുതിയ കുവൈത്തിന് ആവശ്യമായ മനുഷ്യശക്തിയും സാങ്കേതികവിദ്യയും ഇന്ത്യയിലുണ്ടെന്ന് മോദി

SHARE THIS ON

കുവൈത്ത് സിറ്റി: പുതിയ കുവൈത്തിന് ആവശ്യമായ വൈദഗ്ധ്യവും സാങ്കേതികവിദ്യയും നൂതനത്വവും മനുഷ്യശക്തിയും ഇന്ത്യയിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈത്തില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ‘ഹലാ മോദി’ പരിപാടിയില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ഇന്ത്യയും കുവൈത്തും ഹൃദയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.

‘ഇന്ത്യയും കുവൈത്തും സ്ഥിതി ചെയ്യുന്നത് അറബിക്കടലിന്റെ രണ്ട് തീരങ്ങളിലാണ്. നയതന്ത്രം മാത്രമല്ല നമ്മെ ബന്ധിപ്പിക്കുന്നത്. അത് ഹൃദയത്തിന്റെ ബന്ധവുമാണ്. നാഗരികത, കടല്‍, സ്‌നേഹം, വ്യാപാരം, വാണിജ്യം എന്നിവയുടേതാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം’ പ്രധാനമന്ത്രി പറഞ്ഞു.

‘കുവൈത്ത്, വ്യാപാരത്തിലൂടെയും നവീകരണത്തിലൂടെയും, ചലനാത്മക സമ്പദ്‌വ്യവസ്ഥയാകാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയും നവീകരണത്തിലും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുതിയ കുവൈത്തിന് ആവശ്യമായ വൈദഗ്ധ്യവും സാങ്കേതികവിദ്യയും നവീകരണവും മനുഷ്യശക്തിയും ഇന്ത്യക്കുണ്ട്’ മോദി കൂട്ടിച്ചേര്‍ത്തു.

43 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍ എത്തുന്നത്. ഇത് തനിക്ക് ഒരു പ്രത്യേക നിമിഷമാണ്. ’43 വര്‍ഷങ്ങള്‍ക്ക് ശേഷം, നാല് പതിറ്റാണ്ടിലേറെയായി, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍ എത്തിയിട്ട്. ഇന്ത്യയില്‍ നിന്ന് കുവൈത്തില്‍ എത്താന്‍ നാല് മണിക്കൂര്‍ മാത്രമേ എടുക്കൂ, പക്ഷേ ഒരിന്ത്യന്‍ പ്രധാനമന്ത്രിക്ക് നാല് പതിറ്റാണ്ടെടുത്തു ഇങ്ങോട്ടെത്താന്‍’ അദ്ദേഹം പറഞ്ഞു.

കുവൈത്തിന്റെ വികസനത്തില്‍ ഇന്ത്യന്‍ പ്രവാസികളും സമൂഹവും വലിയ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാന്‍ കുവൈത്തില്‍ എത്തിയിട്ട് രണ്ടര മണിക്കൂര്‍ മാത്രമേ ആയിട്ടുള്ളൂ. ഇവിടെ കാലുകുത്തിയ സമയം മുതല്‍, എനിക്ക് ഒരു വേറിട്ട സ്വത്വബോധം, ചുറ്റുപാടും വ്യത്യസ്തമായ ഒരു കുളിര്‍മയും അനുഭവപ്പെടുന്നുണ്ട്. നിങ്ങള്‍ എല്ലാവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്, പക്ഷേ നിങ്ങളെ എല്ലാവരേയും കാണുമ്പോള്‍ ഒരു മിനി ഹിന്ദുസ്ഥാന്‍ എന്റെ മുന്നില്‍ വന്നതായി തോന്നുന്നു’, പ്രധാനമന്ത്രി മോദി ഇന്ത്യന്‍ സമൂഹത്തോടായി പറഞ്ഞു.

രണ്ട് ദിവസമാണ് പ്രധാനമന്ത്രി കുവൈത്തിലുണ്ടാകുക. കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ക്ഷണപ്രകാരമാണ് മോദി കുവൈത്തിലെത്തിയത്. ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് കുവൈത്തില്‍ ലഭിച്ചത്. ഹോട്ടലിലെത്തിയ മോദിയെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!