KSDLIVENEWS

Real news for everyone

ഓരോ സിഗററ്റും അപഹരിക്കുന്നത് ആയുസിലെ 20 മിനിട്ട്; പുതിയ പഠനം പുറത്ത്

SHARE THIS ON

‘പുകവലി ആരോഗ്യത്തിന് ഹാനികരം’, ഈ പരസ്യവാചകം ശരിവെയ്ക്കുന്ന പുതിയ ഒരു പഠനം കൂടി പുറത്തുവന്നിരിക്കുന്നു. പുകവലി ആരോഗ്യത്തിന് ഹാനികരം മാത്രമല്ല, നിങ്ങള്‍ക്ക് ജീവിക്കാന്‍ ലഭിക്കുന്ന സമയത്തിന്റെ ചെറുതല്ലാത്ത ഒരു ഭാഗം ഇല്ലാതാക്കുകയും കൂടി ചെയ്യുന്നതായാണ് ഈ പുതിയ പഠനം വെളിപ്പെടുത്തുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ (UCL) ഗവേഷകരുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍, ഒരാള്‍ ഒരു സിഗരറ്റ് വലിക്കുമ്പോള്‍ അയാളുടെ ജീവിതത്തില്‍ നിന്നും വിലപ്പെട്ട 20 മിനിറ്റുകള്‍ കൂടി ആ സിഗരറ്റിനൊപ്പം എരിഞ്ഞുതീരുന്നു.

ഇതുമായി ബന്ധപ്പെട്ട് നേരത്തെയും പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആ പഠനങ്ങള്‍ പ്രകാരം, ഒരാള്‍ സിഗരറ്റ് വലിക്കുമ്പോള്‍ അയാളുടെ ജീവിതത്തില്‍ നിന്നും 11 മിനിറ്റ് നഷ്ടമാകുന്നു എന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍, ഓരോ സിഗരറ്റിനുപുറത്തും സ്ത്രീകള്‍ക്ക് 22 മിനിട്ടും പുരുഷന്മാര്‍ക്ക് 17 മിനിട്ടുമാണ് നഷ്ടമാകുന്നത് എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. യു.കെ.യുടെ ആരോഗ്യ-സാമൂഹിക പരിചരണ വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.

പുകവലി ശരീരത്തിന് വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വലുതാണ്. ഒരാള്‍ എത്ര നേരത്തേ പുകവലി ഉപേക്ഷിക്കുന്നുവോ, അയാള്‍ക്ക് ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കുവാനുള്ള അവസരം അത്രയും കൂടുതല്‍ ലഭിക്കുമെന്ന് പഠനം പറയുന്നു. ഉദാഹരണത്തിന്, ഒരു ദിവസം പത്ത് സിഗരറ്റ് വലിച്ചിരുന്നയാള്‍ ജനുവരി മാസത്തില്‍ പുകവലി നിര്‍ത്തുന്നു എന്ന് കരുതുക. ദിവസത്തിലെ 10 സിഗരറ്റ് വീതം വലിക്കുമ്പോള്‍, നേരത്തെ ഓരോ സിഗരറ്റിനും മുകളില്‍ നഷ്ടപ്പെട്ടിരുന്ന 17-ഉം 20-ഉം മിനിട്ടുകള്‍ അയാള്‍ക്ക് തിരികെ ലഭിക്കും.

ഇത്തരത്തില്‍, എട്ടുദിവസം പുകവലിക്കാതിരിക്കുമ്പോള്‍ അയാള്‍ക്ക് ഒരുദിവസം എന്ന കണക്കില്‍ ജീവിതത്തില്‍ സമയം കൂടുതല്‍ ലഭിക്കും. ഫെബ്രുവരിയാകുമ്പോള്‍ അയാള്‍ക്ക് ഒരാഴ്ചയാണ് കൂടുതല്‍ ലഭിക്കുക. ഓഗസ്റ്റ് ആകുമ്പോഴേക്കും ഒരു മാസം വരെ പൂര്‍ണമായി ലഭിക്കുമെന്നാണ് ഗവേഷകരുടെ അനുമാനം. പുകവലി പ്രധാനമായും ജീവിതത്തിന്റെ മധ്യഭാഗത്തെ, ജീവിതത്തിന്റെ ഏറ്റവും മനോഹരം എന്ന് കണക്കാക്കപ്പെടുന്ന സമയത്തെയാണ് ഇല്ലാതാക്കുന്നത് എന്നും പഠനം പറയുന്നു.

70 വയസുള്ള, പുകവലിക്കാരനല്ലാത്ത ഒരാളുടെ ആരോഗ്യസ്ഥിതി ആയിരിക്കും 60 വയസെത്തുമ്പോള്‍ തന്നെ ഒരു പുകവലിക്കാരന്റെ ആരോഗ്യസ്ഥിതി എന്നും പഠനം പറയുന്നു. പഠനത്തെ മുന്‍നിര്‍ത്തി, പുകവലി സ്ഥിരമാക്കിയവര്‍ക്ക് അത് നിര്‍ത്താന്‍ ആവശ്യമായ എല്ലാ സഹായങ്ങളും യു.കെ.യിലെ ആരോഗ്യവിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നു. എന്‍.എച്ച്.എസ്. ക്വിറ്റ് സ്‌മോക്കിങ് ആപ്പ്, പേഴ്‌സണല്‍ ക്വിറ്റ് പ്ലാന്‍ തുടങ്ങി പല പദ്ധതികളും ആപ്പുകളുമൊക്കെ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നു. ‘പുകവലി നിര്‍ത്തുന്നത് ആരോഗ്യകരമായ ഭാവിയാണ് സമ്മാനിക്കുക. ആരോഗ്യമുള്ള ജീവിതത്തിലേക്കുള്ള ആദ്യചുവട് എടുത്തുവെക്കാന്‍ ഇനിയും വൈകിയിട്ടില്ല,’ എന്നാണ് പുതിയ റിപ്പോര്‍ട്ടിന്റെ അവസാനവരികള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!