KSDLIVENEWS

Real news for everyone

പുനരധിവാസ പദ്ധതി മാതൃകാപരം; മുഴുവൻ ജനങ്ങളും ഒപ്പം നിന്ന് വിജയിപ്പിക്കണം: ടിപി രാമകൃഷ്ണൻ

SHARE THIS ON

വയനാട്‌ മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതർക്ക്‌ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുരനധിവാസ പദ്ധതി മാതൃകാപരമാണെന്നും മുഴുവൻ ജനങ്ങളും ഒപ്പം നിന്ന്‌ അത്‌ വിജയിപ്പിക്കണമെന്നും എല്‍ഡിഎഫ്‌ കണ്‍വീനർ ടിപി രാമകൃഷ്ണൻ.

ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്തിയ മാതൃകയില്‍ തന്നെ ദുരന്തമേറ്റുവാങ്ങിയ ജനതയുടെ സമഗ്രമായ ഉയർച്ചയ്ക്കുള്ള പദ്ധതിയാണ്‌ കല്‍പ്പറ്റ, നെടുമ്ബാല ടൗണ്‍ഷിപ്പ്‌ പദ്ധതികള്‍ വഴി നടപ്പാക്കുന്നത്‌. കേവലം വീട്‌വയ്ക്കുന്നത്‌ മാത്രമല്ല, പുനരധിവാസ പ്രവർത്തനമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന പുതിയ ഒരു ആവാസ വ്യവസ്ഥതന്നെ രൂപപ്പെടുത്തുന്നതിന്‌ തുല്യമാണ്‌ ഇത്‌. ദുരന്തത്തിന്‌ ശേഷം മുണ്ടക്കൈ, ചൂരല്‍മല നിവാസികള്‍ക്ക്‌ സർക്കാർ നല്‍കിയ ഉറപ്പാണ്‌ അർഹമായ രീതിയിലുള്ള പുനരധിവാസം ഉണ്ടാകുമെന്നത്‌.

കേന്ദ്രസർക്കാരില്‍ നിന്നുള്ള സമാനതകളില്ലാത്ത അവഗണനയും മറ്റൊട്ടേറെ പ്രതികൂല ഘടകങ്ങളുമുണ്ടായിട്ടും നിശ്ചയദാർഢ്യത്തോടെ സർക്കാർ പുനരധിവാസവുമായി മുന്നോട്ടു പോവുകയാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ സർക്കാർ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും സന്തോഷത്തോടെ നല്‍കാൻ സ്പോണ്‍സർമാരും നാട്ടുകാരുമടക്കം ഏവരും തയ്യാറായി. നമ്മുടെ നാടിന്റെ നന്മയാണ്‌ അതില്‍ തെളിഞ്ഞു നിന്നത്‌. ദുരന്തഭൂമിയില്‍ കഴിയുന്ന നൂറുകണക്കിനു കുടുംബങ്ങളെ കരകയറ്റാനുള്ള അശ്രാന്തമായ പരിശ്രമത്തെ ഒരു കള്ള പ്രചാരവേലകൊണ്ടും തടയാനാകില്ലെന്നും നമ്മുടെ നാട്‌ തെളിയിക്കുകയാണ്‌. എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണ തുടർന്നുമുണ്ടാകണമെന്നും ടിപി രാമകൃഷ്ണൻ പ്രസ്താവനയില്‍ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!