പ്ലേ ഓഫ് നോട്ടമിട്ട് പഞ്ചാബ്, ജീവന്മരണ പോരാട്ടത്തിനായി രാജസ്ഥാന്

അബുദാബി: ഐ.പി.എല്ലിലെ വളരെ നിർണായകമായ മത്സരത്തിൽ ഇന്ന് കിങ്സ് ഇലവൻ പഞ്ചാബ് രാജസ്ഥാൻ റോയൽസിനെ നേരിടും. അബുദാബി ഷെയ്ഖ് സായെദ് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം. അവസാന അഞ്ചുമത്സരങ്ങൾ തുടർച്ചയായി ജയിച്ച് ഫോമിന്റെ പാരമ്യതയിൽ നിൽക്കുകയാണ് കിങ്സ് ഇലവൻ പഞ്ചാബ്. ഇനി ബാക്കിയുള്ള രണ്ടുമത്സരങ്ങളിൽ ജയിച്ചാൽ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാം. നിലവിൽ 12 മത്സരങ്ങളിൽ നിന്നും 12 പോയന്റുകളാണ് പഞ്ചാബിനുള്ളത്.
മറുവശത്ത് ജീവന്മരണ പോരാട്ടത്തിനാണ് രാജസ്ഥാൻ ഇറങ്ങുന്നത്. നിലവിൽ പ്ലേ ഓഫിൽ കയറണമെങ്കിൽ ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിക്കുകയും അതോടൊപ്പം പഞ്ചാബ്, കൊൽക്കത്ത, ഹൈദരാബാദ് ടീമുകൾ 14 പോയന്റ് നേടാതിരിക്കുകയും വേണം. കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്നിറങ്ങുക.
ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ സഞ്ജു സാംസണിന്റെയും രാഹുൽ തെവാട്ടിയയുടെയും മിന്നുന്ന പ്രകടനങ്ങളുടെ ബലത്തിൽ രാജസ്ഥാനാണ് വിജയം സ്വന്തമാക്കിയത്.
പരിക്കിന്റെ പിടിയിലായിരുന്ന ഓപ്പണർ മായങ്ക് അഗർവാൾ ഇന്ന് ഇറങ്ങിയേക്കും. ക്രിസ് ഗെയ്ലും നിക്കോളാസ് പൂരനും രാഹുലും മാക്സ്വെല്ലുമെല്ലാം ചേരുന്ന ബാറ്റിങ് നിരയും ഷമി നയിക്കുന്ന ബൗളിങ് നിരയും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.
മറുവശത്ത് സഞ്ജു സാംസണും ബെൻ സ്റ്റോക്സും ഫോം വീണ്ടെടുത്തത് രാജസ്ഥാന് ആശ്വാസം പകരുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ വലിയ വിജയം കൈവരിക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യം എന്നാൽ മാത്രമേ കൂടുതൽ നെറ്റ് റൺറേറ്റ് സ്വന്തമാക്കാനാകൂ.