KSDLIVENEWS

Real news for everyone

പത്തനംതിട്ട പീഡന കേസ്;ഏറ്റവും വലിയ പോക്‌സോ കേസ്, ഇതുവരെ അറസ്റ്റിലായവര്‍ 52; ഇന്‍സ്റ്റഗ്രാം വഴി ബന്ധം, മീന്‍കടയിലും പീഡനം

SHARE THIS ON

പത്തനംതിട്ട: ദളിത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പോലീസ് പിടിയിലായവരില്‍ 30 ശതമാനംപേരും കൗമാരക്കാര്‍. 60 പ്രതികളില്‍ 20 പേരും കൗമാരക്കാരാണ്. അഞ്ചുപേര്‍ 17 വയസ്സില്‍ താഴെയുള്ളവര്‍. 30 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ രണ്ടുപേര്‍മാത്രം. 18-നും 25-നും ഇടയ്ക്ക് പ്രായമുള്ളവരാണ് പ്രതിപ്പട്ടികയില്‍ ഏറെയും. പ്രതികളുടെ എണ്ണത്തിലും പ്രതികളാകുന്ന കൗമാരക്കാരുടെ എണ്ണത്തിലും പത്തനംതിട്ടയിലെ പീഡനക്കേസ് സംസ്ഥാനത്തെ ഏറ്റവുംവലിയ പോക്‌സോ കേസായി. ഇതുവരെ 52 പേരാണ് പിടിയിലായത്.

വീണത് പോക്‌സോ കേസ് എന്ന വലിയ കുരുക്കിലേക്കാണെന്ന് പ്രതികള്‍ തിരിച്ചറിഞ്ഞത് അഴിക്കുള്ളിലായപ്പോളാണ്. ചുരുങ്ങിയത് ഒരുമാസംമുതല്‍ നാലുമാസംവരെ ജാമ്യംകിട്ടാതെ അകത്തുകിടക്കേണ്ടിവരുന്ന കുറ്റങ്ങളാണ് പലരും നടത്തിയിട്ടുള്ളത്. പ്രതികളില്‍ ഇപ്പോള്‍ 19, 20 വയസ്സ് പ്രായമുള്ളവര്‍ 18 വയസ്സ് പൂര്‍ത്തിയാകുംമുമ്പായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു. അതായത്, ഇവരെല്ലാം ആ സമയത്ത് ഹയര്‍ സെക്കന്‍ഡറി പഠനത്തിലായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതികളും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായിരുന്നു.

ഇലവുംതിട്ട പോലീസ്സ്റ്റേഷന്‍ പരിധിയിലാണ് പീഡനം തുടങ്ങിയത്. പിന്നീട് ജില്ലയിലെ പലയിടത്തും പീഡനം നടന്നു. പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാന്‍ഡാണ് അതിലൊന്ന്. രണ്ടുപേര്‍ചേര്‍ന്ന് പത്തനംതിട്ടയുടെ പ്രാന്തപ്രദേശത്ത് നടത്തിവന്നിരുന്ന മീന്‍കടയാണ് മറ്റൊരുകേന്ദ്രം. ഇവിടങ്ങളില്‍ രൂപപ്പെട്ട സംഘങ്ങളാണ് മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ചിരുന്നത്.

ഇന്‍സ്റ്റാഗ്രാമാണ് ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടി പറഞ്ഞ പ്രതികളുടെ ഫോണ്‍നമ്പരുകളില്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ ഒരാള്‍പോലും പ്രതിരോധിച്ചില്ല. അത്ര ശക്തമായ ഡിജിറ്റല്‍ തെളിവുകളുമായാണ് പോലീസ് ഓരോ പ്രതിയെയും പിടിച്ചത്.

ആശങ്കയുണ്ടാക്കുന്ന കാര്യം

ആണ്‍കുട്ടികള്‍ അവരുടെ നിര്‍ണായക ജീവിതഘട്ടത്തില്‍ ഇങ്ങനെ പോക്‌സോ കേസില്‍ കൂട്ടത്തോടെ ജയിലിലാകുന്നത് ആശങ്കയുണ്ടാക്കുന്നു. ശരിയായദിശയില്‍ ആണ്‍കുട്ടികളെ നയിക്കാനുള്ള നടപടികള്‍ എല്ലാത്തലത്തിലും ഉണ്ടാകണം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ബാലാവകാശ കമ്മിഷന്‍ മുന്‍കൈയെടുക്കും.

-അഡ്വ. കെ.വി.മനോജ്കുമാര്‍, ചെയര്‍മാന്‍, സംസ്ഥാന ബാലാവകാശ കമ്മിഷന്‍

പിടിയിലായത് 52 പേര്‍, ഒരാളെ ചെന്നൈയില്‍നിന്ന് അറസ്റ്റ്‌ചെയ്തു

പത്തനംതിട്ട: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവിധ കേസുകളിലായി 52 പേര്‍ പിടിയിലായി. മലയാലപ്പുഴ സ്റ്റേഷനിലെ കേസിലെ പ്രതി അഭിജിത്ത്(26)നെ ചെന്നൈ അണ്ണാനഗറില്‍നിന്നാണ് ബുധനാഴ്ച പിടികൂടിയത്. രണ്ടുദിവസമായി ഇവിടെയും പരിസരങ്ങളിലും രഹസ്യ നീക്കം നടത്തിവരികയായിരുന്നു പോലീസ്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.

നാല് സ്റ്റേഷനുകളിലായി ആകെ 30 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. പത്തനംതിട്ട സ്റ്റേഷനിലെടുത്ത 11 കേസുകളില്‍ രണ്ടെണ്ണത്തിലൊഴികെ എല്ലാ കേസിലെയും പ്രതികള്‍ ഇതിനകം അറസ്റ്റിലായി. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടുന്നതിനുള്ള നടപടിയുടെ ഭാഗമായി, ഇവര്‍ക്കെതിരേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പന്തളം ഒന്ന്, മലയാലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് മറ്റ് കേസുകളുടെ എണ്ണം.

ഇനി പിടികൂടാനുള്ളത് ഏഴ് പ്രതികളെയാണ്. ഇതില്‍ അഞ്ച് പ്രതികള്‍ ഇലവുംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസുകളിലെയാണ്. ഇവരെ മുഴുവന്‍ തിരിച്ചറിഞ്ഞതായും ഉടനടി പിടികൂടുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!