മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കാന്തപുരം
കോഴിക്കോട്: മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍. വ്യായാമം എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ച് എല്ലാ കുഗ്രാമങ്ങളിലും ടൗണുകളിലും സദസ്സ് ഒരുക്കുന്നു. സ്ത്രീകൾ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുകയും സ്ത്രീയും പുരുഷനും തമ്മിൽ കാണുന്നത് ഹറാമാണെന്ന ധാരണ പോലും ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും കാന്തപുരം പറഞ്ഞു.
‘തെറ്റുചെയ്യുന്നതിൽ ഒരു മടിയും ഇല്ലയെന്ന സ്ഥിതിയാണ് ഉണ്ടാക്കുന്നത്. ദീനിൽ നിന്ന് ആളുകളെ അകറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്. വ്യായാമം നല്ലതല്ലേ, അത് വേണ്ടേ എന്ന് തിരിച്ച് ചോദ്യം ചെയ്ത് മെക് സെവനെതിരെ സംസാരിക്കുന്നവരെ ലോകം തിരിയാത്തവരാണെന്ന് വിമർശിക്കുകയല്ലാതെ ഇങ്ങനെ വിമർശിക്കുന്നതിന് കാരണമുണ്ടോ എന്ന് പോലും ആര് ചിന്തിക്കുന്നില്ല. പണ്ട് പുരുഷൻമാരെ കാണുന്നതും സംസാരിക്കുന്നതും നിബന്ധനകളോടെയാണെന്ന ഇസ്ലാം നിയമത്തെ കുറിച്ച് സ്ത്രീകൾക്ക് ബോധം ഉണ്ടായിരുന്നു. ഈ മറ എടുത്ത് കളഞ്ഞ് ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്നവുമില്ലെന്നാണ് പഠിപ്പിക്കുന്നത്. വമ്പിച്ച നാശമാണ് ഇത് ലോകത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അന്യ സ്ത്രീകളും പുരുഷൻമാരും ഇടകലർന്ന് കളിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയാൻ ആർക്കും പറ്റുന്നില്ല’, കാന്തപുരം പറഞ്ഞു. ഹറാമായ വഴിയിലേക്ക് ചെറുപ്പക്കാരെ തിരിച്ച് വിടുന്നതാണ് മെക് സെവൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം കിഴിശ്ശേരിയിൽ ഇസ്സത്ത് സ്കോളറേറിയം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാന്തപുരം.