KSDLIVENEWS

Real news for everyone

കളിസ്ഥലം കയ്യേറി, അതും ഹൈക്കോടതിയുടെ തൊട്ടടുത്ത്; സണ്ണി ലിയോണിന്റെ ബാർ ഹോട്ടൽ നിർമാണത്തിന് വിലക്ക്

SHARE THIS ON

ലഖ്നൗ (ഉത്തര്‍പ്രദേശ്): നടി സണ്ണി ലിയോണിന്റെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടൽ നിർമാണം താത്കാലികമായി നിര്‍ത്തിവെപ്പിച്ച് കോടതി. ലഖ്നൗ വിഭൂതിഖണ്ഡിലാണ് ഹോട്ടൽ കെട്ടിടത്തിന്റ നിർമാണം നടന്നുവന്നിരുന്നത്. സ്ഥലം കയ്യേറ്റം ഉൾപ്പെടെ വിവിധ കാരണങ്ങൾ മുന്‍നിര്‍ത്തിയാണ് കോടതി കെട്ടിട നിർമാണം നിർത്തിവെയ്ക്കാൻ ഉത്തരവിട്ടത്.

ഹൈക്കോടതിയുടെ തൊട്ടടുത്തായാണ് നടി സണ്ണി ലിയോണിന്റെ ഉടമസ്ഥതയിലുള്ള ‘ചിക്ക ലോക്ക ബൈ സണ്ണി ലിയോൺ’ എന്ന ബാർ ഹോട്ടലിന്റെ നിർമാണം നടന്നുവന്നിരുന്നത്. നടിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്ററന്റ് കം ബാർ ശൃംഖലയാണ് ഇത്. കെട്ടിട നിർമാണം ഹൈക്കോടതിയുടേയും ഇന്ദിരാഗാന്ധി പ്രതിഷ്ഠാന്റെയും സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന് ആരോപിച്ച് പ്രേം സിൻഹ എന്നയാൾ കോടതിയെ സമീപിക്കുകയായിരുന്നു.

കുട്ടികളുടെ കളിസ്ഥലം, കമ്മ്യൂണിറ്റി ഹാൾ, മുതിർന്ന പൗരന്മാർക്കുവേണ്ടിയുള്ള സ്ഥലം എന്നിവയ്ക്കായി നീക്കിവെച്ച സ്ഥലം കയ്യേറിയാണ് റസ്റ്റോറന്റിന്റെയും ബാറിന്റെയും നിർമ്മാണമെന്നും സിൻഹ ഹർജിയിൽ പറഞ്ഞു. ജസ്റ്റിസ് അശോക് കുമാറാണ് വാദം കേട്ടത്. ലഖ്‌നൗ വികസന അതോറിറ്റിയുടെ (എൽ.ഡി.എ) അനാസ്ഥയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഉത്തരവിന്റെ പകർപ്പ് എൽ.ഡി.എയ്ക്ക് അയയ്ക്കാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ദിരാഗാന്ധി പ്രതിഷ്ഠാന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഈ നിർമ്മാണം ഭീഷണിയാണെന്ന് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കേസിന്റെ അടുത്ത വാദം കേൾക്കൽ ഫെബ്രുവരി 19 ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!