തുടര്‍ച്ചയായി ഏറ്റവുംകൂടുതൽ ബജറ്റുകൾ; എട്ട് ബജറ്റുകളവതരിപ്പിച്ച് ചരിത്രംകുറിച്ച് നിര്‍മലാ സീതാരാമന്‍
തുടര്‍ച്ചയായി എട്ട് കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിച്ച് ചരിത്രംകുറിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2019-ല്‍ രണ്ടാം മോദി മന്ത്രിസഭയിലാണ് ഇന്ത്യയുടെ ആദ്യ മുഴുവന്‍സമയ ധനമന്ത്രിയായി നിര്‍മല ചുമതലയേല്‍ക്കുന്നത്. അന്നുമുതല്‍ 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ബജറ്റുകളും അവതരിപ്പിച്ചത് നിര്‍മലയായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ റെക്കോഡ് മൊറാര്‍ജി ദേശായിക്കാണ്, പത്ത് ബജറ്റുകള്‍. എന്നാല്‍ ഇത് തുടര്‍ച്ചയായിട്ട് ആയിരുന്നില്ല. 1959-നും 64-നും ഇടയില്‍ ധനമന്ത്രിയായിരിക്കേ ആറ് ബജറ്റുകളും 1967-നും 1969-നും ഇടയില്‍ നാല് ബജറ്റുകളുമാണ് അദ്ദേഹം അവതരിപ്പിച്ചത്.
വ്യത്യസ്ത കാലയളവുകളിലായി പി. ചിദംബരം ഒന്‍പത് ബജറ്റുകളും പ്രണാബ് മുഖര്‍ജി എട്ട് ബജറ്റുകൾ വീതവും അവതരിപ്പിച്ചിട്ടുണ്ട്. പി.വി. നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കേ 1991-95 കാലത്ത് അഞ്ച് ബജറ്റുകളാണ് മന്‍മോഹന്‍ സിങ് അവതരിപ്പിച്ചത്.
തുടര്‍ച്ചയായ ബജറ്റ് അവതരണത്തില്‍ മാത്രമല്ല, ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗത്തിനുള്ള റെക്കോഡും നിര്‍മലാ സീതാരാമന് സ്വന്തമാണ്. 2020-ലെ നിര്‍മലയുടെ ബജറ്റ് പ്രസംഗം നീണ്ടുനിന്നത് രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റാണ്. അതേസമയം ഏറ്റവും കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയത് 1977-ല്‍ ഹിരുഭായി എം. പട്ടേല്‍ ആയിരുന്നു. വെറും എണ്ണൂറുവാക്കുകള്‍ മാത്രമായിരുന്നു ആ പ്രസംഗത്തിലുണ്ടായിരുന്നത്.