മുഖ്യമന്ത്രിസ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല: ഏറ്റെടുക്കാൻ യു.ഡി.എഫ് ആവശ്യപ്പെട്ടാൽ പറ്റില്ലെന്ന് പറയില്ല
കൊച്ചി: യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രിയുണ്ടാവണമെന്ന ആവശ്യം ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. അങ്ങനെ അവകാശവാദം ഉന്നയിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍, യു.ഡി.എഫ്. ഘടകകക്ഷികള്‍ ചേര്‍ന്ന് ലീഗിനോട് മുഖ്യമന്ത്രിപദം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടാല്‍, പറ്റില്ലെന്ന് വാശിപിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘യു.ഡി.എഫില്‍ തീരുമാനം എടുക്കുന്നത് എല്ലാവരും കൂടിയാലോചിച്ചാണ്. സന്തോഷത്തോടെ എല്ലാവരും കൂടെ തീരുമാനിച്ചാല്‍ അത് ഏറ്റെടുക്കുന്നതില്‍ മുസ്ലിം ലീഗിന് എന്താണ് വിരോധമുള്ളത്. യു.ഡി.എഫിലെ എല്ലാഘടകകക്ഷികളും കൂടെ മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രി വേണമെന്ന് പറഞ്ഞാല്‍, പറ്റില്ലെന്ന് വാശിപിടിക്കാന്‍ മുസ്ലിം ലീഗിന് സാധിക്കില്ല. മുസ്ലിം ലീഗ് ഇതുവരെ അങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. വെക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ജനങ്ങള്‍ യു.ഡി.എഫിന്റെ കൂടെയാണെന്ന തികഞ്ഞ ആത്മവിശ്വാസമുള്ളതുകൊണ്ടാണ് ലീഡറെക്കുറിച്ചുള്ള ചര്‍ച്ച മുന്നണിയില്‍ നടക്കുന്നത്. അതിനപ്പുറത്തേക്കൊന്നുമില്ല’, പി.എം.എ. സലാം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി നടത്തിയ ‘മ’ സാഹിത്യോത്സവത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവനയാണ് മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങള്‍ മുസ്ലിംലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ ലീഗിന് സന്തോഷമെന്നായിരുന്നു സാദിഖലി തങ്ങളുടെ പുഞ്ചിരിയോടെയുള്ള മറുപടി. യു.ഡി.എഫ്. അധികാരത്തില്‍വന്നാല്‍ പ്രധാനപദവി കുഞ്ഞാലിക്കുട്ടിക്കാവുമെന്നും തങ്ങള്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് വിചാരിച്ചാല്‍ അത് നടക്കും. മുഖ്യമന്ത്രി ഇവിടെത്തന്നെയുണ്ട്’, എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയെ ചൂണ്ടി, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങളുടെ മറുപടി. ഇതിനെക്കുറിച്ച് പ്രതികരണം തേടിയപ്പോള്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ മറുപടി പറയാന്‍ തയ്യാറായിരുന്നില്ല.