തെരുവുനായ്ക്കളുടെ ആക്രമണം; സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണവും പേവിഷബാധയേറ്റുള്ള മരണവും കൂടുന്നു
കൊല്ലം: സംസ്ഥാനത്ത് പേവിഷബാധമൂലമുള്ള മരണവും തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സതേടുന്നവരുടെ എണ്ണവും കൂടുന്നു. കഴിഞ്ഞവർഷംമാത്രം പേവിഷബാധയേറ്റുള്ള മരണം 26-ആണ്. നായ്ക്കളുടെ കടിയേറ്റ് സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയത് മൂന്നുലക്ഷത്തിലധികം പേരും. സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടുന്നവരുടെ എണ്ണം ഇതിലും കൂടും. 2023-നെക്കാൾ പതിനായിരത്തിലധികം പേർക്ക് നായയുടെ കടിയേറ്റതായാണ് സർക്കാർ കണക്കുകൾ. വന്ധ്യംകരണവും വാക്സിനേഷനും ഉൾപ്പെടെയുള്ള പദ്ധതികൾ പാളുന്നുവെന്നതിലേക്കാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നത്.
2021 മുതലാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങളിൽ വർധനയുണ്ടായത്. പത്തിൽതാഴെമാത്രമായിരുന്ന മരണനിരക്ക് 2021-ൽ പതിനൊന്നായി. തുടർന്നുള്ള വർഷങ്ങളിൽ 25-നും മുകളിലായി. 2022-ൽ 27 പേർ പേവിഷബാധയേറ്റ് മരിച്ചു, 2023-ൽ 25 പേരും. സർക്കാർ കണക്കുകളിലുള്ള തെരുവുനായ്ക്കളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഓരോ വർഷവും നായ്ക്കളുടെ കടിയേൽക്കുന്നവർ. 2019-ലെ ലൈവ്സ്റ്റോക്ക് സെൻസസ് പ്രകാരം സംസ്ഥാനത്ത് 2,89,986 തെരുവുനായ്ക്കളാണുള്ളത്. എന്നാൽ കഴിഞ്ഞവർഷംമാത്രം നായ്ക്കളുടെ കടിയേറ്റ് ചികിത്സതേടിയവരുടെ എണ്ണം 3,16,793. കഴിഞ്ഞവർഷം കൂടുതൽപേർക്ക് തെരുവുനായയുടെ കടിയേറ്റത് തലസ്ഥാനജില്ലയിലാണ്-50,870. കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നിൽ.
തെരുവുനായ്ക്കളുടെ വംശവർധന നിയന്ത്രിക്കാൻ മൃഗസംരക്ഷണവകുപ്പും തദ്ദേശവകുപ്പും ചേർന്ന് നടപ്പാക്കുന്ന എ.ബി.സി.പദ്ധതി മിക്ക തദ്ദേശസ്ഥാപനങ്ങളിലുമില്ല. വിവിധ ജില്ലകളിലായി 15 എ.ബി.സി.സെന്ററുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവ പ്രവർത്തിക്കുന്നിടങ്ങളിൽ മാത്രമേ ശസ്ത്രക്രിയകളും നടക്കുന്നുള്ളൂ. ശസ്ത്രക്രിയയ്ക്കുശേഷം നായ്ക്കളെ പിടിക്കുന്നിടത്തുതന്നെ ഉപേക്ഷിക്കുകയാണ്. ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്ന നായ്ക്കൾക്ക് പേവിഷപ്രതിരോധ കുത്തിവെപ്പെടുക്കുമെങ്കിലും ഒരുവർഷം മാത്രമാണ് ഇതിന്റെ കാലാവധി.തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ കൂടിയതോടെയാണ് സർക്കാർ മാസ് ഡോഗ്സ് വാക്സിനേഷൻ ആരംഭിച്ചത്. വളർത്തുനായ്ക്കൾക്ക് കൃത്യമായി വാക്സിനെടുക്കുന്നെന്ന് ഉറപ്പാക്കാനാണ് സർക്കാർ ലൈസൻസ് നിർബന്ധമാക്കിയത്.ഇതും ഫലവത്തായില്ല. ലൈസൻസ് എടുക്കുന്നതോടൊപ്പം ചിപ്പ് ഘടിപ്പിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളും ആവിഷ്കരിച്ചിരുന്നു. ചിപ്പ് പരിശോധിച്ചാൽ നായയുടെ ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. ഇതും കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മാത്രമാണ് ഭാഗികമായെങ്കിലും നടപ്പായത്.