അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാര്‍ ഇന്നെത്തും; ഇറങ്ങുന്നത് അമൃത്സര്‍ വിമാനത്താവളത്തില്‍
അമൃത്സര്‍: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് നാടുകടത്തിയ 205 ഇന്ത്യന്‍ പൗരന്മാര് ഇന്നെത്തും(ബുധൻ). പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലാണ് അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുള്ള വിമാനം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ഒമ്പത് മണിയോടെ വിമാനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി പ്രത്യേകം കൗണ്ടറുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
നാടുകടത്തിയ ആദ്യ ബാച്ചിലെ കൂടുതല്‍ ആളുകളും പഞ്ചാബില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. അതിനുപുറമെ, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഈ വിമാനത്തില്‍ ഉണ്ടെന്നാണ് വിവരം. ഇവരെ കൃത്യമായ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനും ബന്ധുക്കളുമായുള്ള ആശയവിനിമയം ഉറപ്പാക്കുന്നതും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കൗണ്ടറുകളില്‍ ഉറപ്പാക്കും. യു.എസില്‍ നിന്നെത്തുന്നവര്‍ക്കായി പ്രത്യേകം കൗണ്ടര്‍ സജ്ജമാക്കിയ വിവരം പഞ്ചാബ് മുഖ്യമന്ത്രിയാണ് അറിയിച്ചത്.
അനധികൃതമായി കുടിയേറിയതിന് നാടുകടത്തിയ ആളുകള്‍ ആയതിനാല്‍ തന്നെ ഇവരുടെ കൈകള്‍ ബന്ധിപ്പിച്ച നിലയിലായിരിക്കാം കൊണ്ടുവരികയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 205 പേരാണ് ആദ്യമെത്തുന്നത്. നാടുകടത്തിലിന്റെ ഒന്നാം ഘട്ടത്തില്‍ ഏകദേശം മൂവായിരത്തോളം ആളുകളെയായിരിക്കും നാട്ടില്‍ എത്തിക്കുക. മറ്റ് വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ വിവിധ വിമാനത്താവളങ്ങളില്‍ എത്തും.
അമേരിക്കന്‍ സൈനിക വിമാനമായ സി-17 എയര്‍ക്രാഫ്റ്റിലാണ് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ അയച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്ക് ടെക്സസിലെ സാന്‍ ആന്റോണിയോ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ കയറ്റി തിരിച്ചയക്കുന്നതില്‍ അമേരിക്കയില്‍നിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണ് ഇന്ത്യ. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം.
അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് അനധികൃതമായി കുടിയേറിയ ആളുകളുമായി പോയത്. ഇതില്‍ നാലു വിമാനങ്ങള്‍ ഗ്വാട്ടിമാലയില്‍ ഇറങ്ങി. കോളംബിയയിലെത്തിയ വിമാനം ലാന്‍ഡ് ചെയ്യാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് അവരുടെ വിമാനം അയച്ചാണ് കുടിയേറ്റക്കാരെ തിരിച്ചെത്തിച്ചത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാല്‍, 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന. അമേരിക്കയിലെ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.