KSDLIVENEWS

Real news for everyone

ഫലസ്തീനികൾ അയൽ രാജ്യങ്ങളിലേക്ക് പോകണം: ഗസ്സ പിടിച്ചെടുക്കുമെന്ന് ട്രംപ്

SHARE THIS ON

വാഷിങ്ടൺ: ഗസ്സ യുഎസ് പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേൽ ആക്രമണം ഗസ്സയെ വാസയോഗ്യമല്ലാതാക്കിയെന്നും മേഖലയിൽനിന്ന് ഫലസ്തീൻ ജനത ഒഴിഞ്ഞു പോകണമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

”ഗസ്സ മുനമ്പ് യുഎസ് ഏറ്റെടുക്കും, ഞങ്ങൾ ഇത് സ്വന്തമാക്കും, അപകടകരമായ പൊട്ടിത്തെറിക്കാത്ത ബോംബുകളും മറ്റ് ആയുധങ്ങളും പൊളിക്കുന്നതിനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കായിരിക്കും. ആവശ്യമെങ്കിൽ ഞങ്ങൾ അത് ചെയ്യും, ഞങ്ങൾ ആ ഭാഗം ഏറ്റെടുക്കാൻ പോകുകയാണ്, ഞങ്ങൾ അത് വികസിപ്പിക്കും, ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ഇത് മുഴുവൻ മിഡിൽ ഈസ്റ്റിനും അഭിമാനിക്കാവുന്ന ഒന്നായിരിക്കും” – ട്രംപ് പറഞ്ഞു.

ഗസ്സയെ പുനർനിർമിച്ച് മനോഹരമാക്കാൻ അമേരിക്കക്ക് കഴിയുമെന്ന് ട്രംപ് പറഞ്ഞു. ഗസ്സക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തിൽ തകർന്ന ഗസ്സയിൽ ആർക്കും നിലവിൽ താമസിക്കാൻ കഴിയില്ല. അതിനാൽ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാജ്യങ്ങൾ ഫലസ്തീൻകാരെ സ്വീകരിക്കണമെന്നും ട്രംപ് ആവർത്തിച്ചു.

ആദ്യ തവണ പ്രസിഡന്റായപ്പോൾ ജെറുസലേം ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതും അവിടെ യുഎസ് എംബസി പണിതതും തന്റെ നേട്ടമാണെന്ന് ട്രംപ് പറഞ്ഞു. ഗോലാൻ കുന്നുകളിൽ ഇസ്രായേലിന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ട്രംപിനെ പുകഴ്ത്തിയ നെതന്യാഹു വൈറ്റ് ഹൗസിൽ ഇസ്രായേലിന് ലഭിച്ച എക്കാലത്തെയും മികച്ച സുഹൃത്താണ് ട്രംപ് എന്ന് പറഞ്ഞു. ട്രംപിന്റെ നേതൃപാടവത്തെ പ്രശംസിച്ച നെതന്യാഹു ശ്രദ്ധിക്കേണ്ട ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചതെന്നും ഇത് ചരിത്രമാകുമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!