KSDLIVENEWS

Real news for everyone

കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട കാറിൽ 52 കിലോ സ്വര്‍ണം,11 കോടി രൂപ ; മധ്യപ്രദേശിലെ നിഗൂഢത ചുരുളഴിയുന്നു

SHARE THIS ON

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലിലെ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ കണ്ടെത്തിയത് 52 കിലോ സ്വര്‍ണവും 11 കോടി രൂപയും. വാര്‍ത്ത കേട്ടവരെല്ലാം അമ്പരന്നു. എവിടെ നിന്നാണ് ഇത്രയും പണവും സ്വര്‍ണവും വന്നത്? ആരാണ് ഇതിന്റെ ഉടമസ്ഥര്‍? അന്വേഷണം നീണ്ടപ്പോള്‍ വെളിപ്പെട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ്.

സൗരഭ് ശര്‍മയെന്ന ഗതാഗത വകുപ്പിലെ മുന്‍ കോണ്‍സ്റ്റബളിലേക്കാണ് ഈ അന്വേഷണം ചെന്നെത്തിയത്. സ്വര്‍ണവും പണവും കണ്ടെത്തിയ ഇന്നോവ കാര്‍ സൗരഭിന്റെ സഹായി ചേതന്‍ സിങ്ങ് ഗൗറിന്റേതാണ് കണ്ടെത്തി. 2024 ഡിസംബറില്‍ സൗരഭിന്റെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ കാറില്‍ സ്വര്‍ണവും പണവും നിറച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. റെയ്ഡ് നടക്കുന്നതിനിടെ സൗരഭിന്റെ കുറച്ച് അകലെയുള്ള വീട്ടില്‍ സൂക്ഷിച്ച പണവും സ്വര്‍ണവുമാണ് സൗരഭും ചേതനും കടത്തിയത്. ഇത് പിന്നീട് കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. അന്ന് സൗരഭിന്റെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും ഉള്‍പ്പെടെ എട്ട് കോടി രൂപയുടെ വസ്തുക്കളാണ് കണ്ടെടുത്തത്.

എന്നാല്‍ ഗ്വാളിയോര്‍ സ്വദേശിയായ ചേതന്‍ തനിക്ക് സൗരഭുമായുള്ള ബന്ധം നിഷേധിച്ചു. കാര്‍ തനിക്ക് പരിചയമില്ലാത്ത ഒരു വ്യക്തിക്ക് വാടകയ്ക്ക് നല്‍കിയതാണെന്നായിരുന്നു ചേതന്റെ വാദം. എന്നാല്‍ റെയ്ഡ് നടന്ന രാത്രി സൗരഭിന്റെ വീടിന്റെ സമീപം ഈ കാര്‍ വന്നതിന്റെ സിസിടിവി ദൃശ്യം കണ്ടെത്തിയതോടെ ഈ വാദവും പൊളിഞ്ഞു.

ആദായ നികുതി വകുപ്പിന് പുറമെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ലോകായുക്ത എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൗരഭിനെ കുറിച്ച് വലിയ കഥകളാണ് പുറത്തുവന്നത്. ജോലി രാജിവെച്ച സൗരഭ് റിയല്‍ എസ്‌റ്റേറ്റ് രംഗത്തേക്ക് കടന്നതും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അഴിമതി കഥയും പുറത്തുവന്നു. ആശ്രിത നിയമനമായി ലഭിച്ച ജോലി 2023-ല്‍ രാജിവെച്ച സൗരഭ് പ്രമുഖ ബില്‍ഡര്‍മാരുമായി അടുപ്പം സ്ഥാപിച്ചു. ശേഷം വളരെ വേഗത്തിലുള്ള വളര്‍ച്ചയായിരുന്നു. ഒരു സ്‌കൂളും ഹോട്ടലും മറ്റ് നിരവധി സ്ഥാപനങ്ങളും സൗരഭിന്റേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പേരിലുണ്ട്.

ഏകദേശം 100 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തി. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ കണ്ണികളായ അഴിമതി കഥകളും പുറത്തുവന്നു. 52 ജില്ലകളില്‍ ഈ കണ്ണികള്‍ പ്രവര്‍ത്തിച്ചിരുന്നു. ദുബായ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി സ്വര്‍ണക്കടത്തുമായും സൗരഭിനുള്ള പങ്ക് അന്വേഷിക്കുന്നുണ്ട്.

നിലവില്‍ സൗരഭ് ശര്‍മയും സഹായികളായ ചേതനും ശരത് ജെയ്‌സ്വാളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മധ്യ പ്രദേശിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മധ്യ പ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം എട്ടു കോടി രൂപ പിടിച്ചെടുത്തുവെന്ന് ലോകായുക്ത പറയുന്നുണ്ടെങ്കിലും കോടതി രേഖകളില്‍ 55 ലക്ഷം മാത്രമാണുള്ളത്. ഇത്രയും പൈസയുടെ വ്യത്യാസം വന്നതുതന്നെ അന്വേഷണത്തിലെ അലംഭാവമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!