ദേശീയപാതയുടെ നവീകരണം: തെക്കിലിൽ നിർമാണം തടഞ്ഞ് നാട്ടുകാർ; പരിശോധന നടത്തി അധികൃതർ
ചട്ടഞ്ചാൽ: ദേശീയപാതയുടെ നവീകരണത്തോടെ ഒരു ഭാഗത്ത് സർവീസ് റോഡ് ഇല്ലാത്ത തെക്കിൽ പ്രദേശങ്ങളിലുള്ളവരുടെ പ്രയാസങ്ങൾ നേരിട്ടറിയാൻ കലക്ടറുടെ നേതൃത്വത്തിൽ സംഘമെത്തി. സർവീസ് റോഡ് നിർമിക്കാതെ ദേശീയപാതയുടെ നിർമാണ പ്രവൃത്തി നടത്തുന്നത് കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതേ തുടർന്നു കലക്ടർ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തിൽ റവന്യു –ദേശീയപാത അധികൃതരും നിർമാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനിയുടെ പ്രതിനിധികളുമാണ് ഇന്നലെ സ്ഥലത്തെത്തി ആക‍്ഷൻ കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തിയത്.
തെക്കിലിൽ നിലവിൽ പണിയുന്ന അടിപ്പാതയുടെ ഉയരം വർധിപ്പിക്കാനും തെക്കിൽ ടാറ്റാ കോവിഡ് ആശുപത്രിയുടെ സമീപത്ത് നിന്നു ദേശീയപാതയിലേക്കു നേരിട്ടു പോകുന്നതിനുള്ള സൗകര്യങ്ങൾ അടക്കം ഒരുക്കണമെന്നും ഇതു നടപ്പിലാക്കിയാൽ നിലവിൽ പ്രവൃത്തി തടസ്സപ്പെടുത്തില്ലെന്ന് ആക‍്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ചെർക്കള മുതൽ റോഡിന്റെ കിഴക്കുഭാഗത്തൂടെ തെക്കിൽ അമ്പട്ടവരെ മാത്രമേ സർവീസ് റോഡുള്ളൂ. നേരത്തേ ഈ സർവീസ് റോഡും ദേശീയപാത അതോറിറ്റി പരിഗണിച്ചിരുന്നില്ല. നാട്ടുകാർ സമരം ചെയ്തതിനെ തുടർന്നാണ് ഒരുഭാഗത്തെങ്കിലും പിന്നീട് സർവീസ് റോഡ് അനുവദിച്ചത്.
അമ്പട്ട പിന്നിട്ടാൽ തെക്കുഭാഗം ചട്ടഞ്ചാൽ നോർത്തുവരെ വയഡക്ട് നിർമിച്ചാണ് ദേശീയപാത കടന്നുപോകുന്നത്. ഇവിടെ ഇരു ഭാഗത്തും സർവീസ് റോഡ് ഉണ്ടാവില്ല. ഭാവിയിൽ ഇതുകാരണം തെക്കിൽ, ബേവിഞ്ച പ്രദേശങ്ങളിൽ ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന കുടുംബങ്ങൾ ഒറ്റപ്പെടുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. 45 മീറ്റർ വീതിയിൽ തന്നെ സ്ഥലം ഏറ്റെടുത്തിരുന്നുവെങ്കിലും ആറുവരി ദേശീയപാത പൂർണമായും പടിഞ്ഞാറുഭാഗം കേന്ദ്രീകരിച്ചുള്ള അലൈൻമെന്റായതാണ് തടസ്സമായത്.
നാട്ടുകാരുടെ സമര വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനാവാസ് പാദൂർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഇന്നലെ സ്ഥലം സന്ദർശിച്ച കലക്ടറുമായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സമരസമിതി ചെയർമാൻ ടി.കെ.ഹമീദ്,കൺവീനർ ടി.ഡി.കബീർ, പി.എ.അബ്ദുൽഖാദർ, ചെമ്മനാട് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ശംസുദ്ദീൻ തെക്കിൽ എന്നിവർ ചർച്ച നടത്തി.