തിരഞ്ഞെടുപ്പിനെ എങ്ങനെ അട്ടിമറിക്കാമെന്ന് ഫലപ്രദമായി ചെയ്തുകാണിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര-ചെന്നിത്തല
![](https://ksdlivenews.com/wp-content/uploads/2025/02/IMG-20250206-WA0058-818x1024.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പിനെ എങ്ങനെ അട്ടിമറിക്കാം എന്ന് ഫലപ്രദമായി ചെയ്തുകാണിച്ച സംസ്ഥാനമാണ് മഹാരാഷ്ട്രയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ‘പരിവര്‍ത്തനത്തിന്റെ കാലം, പരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധത്തേക്കാള്‍ പ്രാധാന്യം ഇന്ന് ഡേറ്റയ്ക്ക് ഉണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ‘ലോകം വമ്പന്‍ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകത്ത് ഉടനീളം തീവ്ര വലതുപക്ഷം അധികാരം കയ്യേറുന്നത് ജാഗ്രതയോടെയാണ് നമ്മള്‍ കാണേണ്ടത്. ലോകം നമ്മളാരും ആഗ്രഹിക്കാത്ത തലത്തിലേക്ക് പോകുകയാണ്. എന്നാല്‍ തീവ്ര വലതുപക്ഷ ശക്തികള്‍ വളര്‍ന്നുവരുന്നത് ലോകം ആശങ്കയോടെ കാണുന്നു എന്നത് സ്വാഗതാര്‍ഹമാണ്.
ഇന്ത്യയില്‍ ഇന്ന് ചരിത്രത്തെ വളച്ചൊടിക്കുകയാണ്. 2014 ന് ശേഷമാണ് ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് എന്നാണ് ഇക്കൂട്ടരുടെ ചിന്ത. തീവ്രവലതുപക്ഷ ശക്തികള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നു. ജനാധിപത്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ ഇവര്‍ ആട്ടിമറിക്കുന്നു. സുതാര്യമല്ലാത്ത മാര്‍ഗത്തിലൂടെ അധികാരം പിടിച്ചടക്കാന്‍ ഇവര്‍ ശ്രമിക്കുകയാണ്. തിരഞ്ഞടുപ്പ് വരെ ഇക്കൂട്ടര്‍ ആട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ നുണകള്‍ 1000 തവണ പറഞ്ഞു സത്യമാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ സത്യങ്ങള്‍ മറച്ചുവെക്കുന്നു.
എക്‌സ് ഉയോഗിച്ച് ട്രംപിനെ അധികാരത്തില്‍ എത്തിക്കാന്‍ ഇലോണ്‍ മസ്‌ക് നടത്തിയ നീക്കങ്ങള്‍ ലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഇന്ന് ഡേറ്റയ്ക്ക് ആണ് പ്രാധാന്യം. അത് തന്നെയാണ് ഏറ്റവും വലിയ ആയുധം.ആണവ ശക്തിയേക്കാള്‍ പ്രാധാന്യം ഇന്ന് ഡേറ്റയ്ക്ക് ഉണ്ട്. ഓരോ വ്യക്തിയുടെയും സ്വകാര്യത ചോരുകയാണ്. അവര്‍ പരസ്പരം സംസാരിക്കുന്നത് പോലും മറ്റൊരാള്‍ അറിയുന്നു. ജനങ്ങളുടെ ചിന്തകള്‍ മനസ്സിലാക്കി അജണ്ട തയാറാക്കാന്‍ സാധിക്കുന്നവര്‍ക്കായിരിക്കും ഭാവിയില്‍ തിരഞ്ഞെടുപ്പ് പോലും വിജയിക്കാന്‍ സാധിക്കുക.
ടെക്‌നോളജിയെ നല്ല രീതിക്കും മോശം കാര്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. ടെക്‌നോളജി കൈവശം ഉള്ളവര്‍ ലോകം ഭരിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. തിരഞ്ഞെടുപ്പിനെ എങ്ങനെ അട്ടിമറിക്കാം എന്ന് ഫലപ്രദമായി ചെയ്തുകാണിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. അത് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ടതാണ്. ശതകോടീശ്വരന്മാര്‍ ലോകം കീഴടക്കുന്ന അവസ്ഥയിലേയ്ക്ക് എത്തുമ്പോള്‍ ജനങ്ങള്‍ക്കേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. അവര്‍ ജനകീയ പ്രതിരോധം സൃഷ്ടിക്കണം’, രമേശ് ചെന്നിത്തല പറഞ്ഞു.