അടഞ്ഞുകിടക്കുന്ന വീടുകള്‍ ഹോം സ്റ്റേ ആക്കാന്‍ അവസരം; പുതിയ സാധ്യതകള്‍ തേടും: മന്ത്രി റിയാസ്
![](https://ksdlivenews.com/wp-content/uploads/2025/02/IMG-20250206-WA0060-818x1024.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസികളുടെ അടഞ്ഞുകിടക്കുന്ന വീടുകള്‍ ഹോം സ്റ്റേ വ്യവസായത്തിലേക്ക് കൊണ്ടുവരാന്‍ വിശദമായ പദ്ധതി തയ്യാറായിവരുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. പല പ്രവാസികളും ഇതിന് താത്പര്യം പ്രകടിപ്പിച്ച് വരുന്നുണ്ട്. തദ്ദേശ വകുപ്പുമായി ചേര്‍ന്ന് ഇക്കാര്യം ഏകോപിപ്പിക്കും. മാത്യഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ എക്‌സ്പീരിയന്‍സ് ടൂറിസം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോം സ്റ്റേകള്‍ തുടങ്ങാന്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടായിരുന്നു. കുറയൊക്കെ പരിഹരിച്ചു. ഇപ്പോള്‍ ഇതിനുള്ള അധികാരം ടൂറിസം വകുപ്പിന് നല്‍കിയിട്ടുണ്ട്. ഹോം സ്റ്റേകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതോടെ നിലവാരത്തിലും മറ്റും ഒരു രൂപമുണ്ടാക്കാനാകും. അടഞ്ഞുകിടക്കുന്ന വീടുകള്‍ ഹോം സ്റ്റേ ആക്കാന്‍ പറ്റുമെന്ന് പലര്‍ക്കും അറിയില്ല. അവരെ ഈ സാധ്യത ബോധ്യപ്പെടുത്തും. ഉടമ ഇല്ലാതെ അതിന്റെ പരിപാലനത്തിന് സംവിധാനം കൊണ്ടുവരണം- അദ്ദേഹം പറഞ്ഞു. ഗീതിക സുദീപ് മോഡറേറ്ററായി. മന്ത്രിയുടെ വാക്കുകളിലൂടെ.
വികസിക്കും പാരീസ് മാതൃകയില്‍
പാരീസില്‍ പാലങ്ങള്‍ ദീപാലങ്കാരം ചെയ്തും ജലാശയങ്ങളില്‍ വിനോദയാത്ര ഒരുക്കിയുമുള്ള മാത്യക വിജയകരമാണ്. ഇവിടെ കോഴിക്കോട് ഫറോക്ക് പാലത്തില്‍ ഈ മാത്യക നടപ്പാക്കി. സമീപത്തുള്ള ഒഴിഞ്ഞ് കടന്ന സ്ഥലം ഉദ്യാനമാക്കി. കേരളത്തിലെ ജലപാതകള്‍ കൂടി വിനോദ സഞ്ചാരികള്‍ക്ക് ഗുണപ്പെടുംവിധം മാറ്റം വരുത്തുമ്പോള്‍ വലിയ സാധ്യത തുറക്കും.
ഫോക്കസ് മലബാര്‍
2021-ല്‍ പരിശോധിച്ചപ്പോള്‍ കേരളത്തിലേക്ക് വരുന്ന സഞ്ചാരികളില്‍ ആറ് ശതമാനം മാത്രമാണ് മലബാറിലേക്ക് പോകുന്നതെന്ന് കണ്ടെത്തി. താമസ, ഗതാഗത സൗകര്യങ്ങളുടെ കുറവാണ് കാരണമെന്ന് കണ്ടെത്തി. കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കി. മലബാര്‍ മേഖലയില്‍ കൂടുതല്‍ ഫെസ്റ്റുകള്‍ വന്നു. പൊതുമരാമത്ത് വകുപ്പിന്റെ അതിഥിമന്ദിരങ്ങള്‍ ഓണ്‍ ലൈന്‍ ബുക്കിങ് വഴി നല്‍കാന്‍ തുടങ്ങിയതും നേട്ടമുണ്ടാക്കി.വയനാട് ടൂറിസം റെക്കോഡ് നേട്ടമുണ്ടാക്കി. ദേശീയപാത 66 കൂടി നവീകരിച്ച തുറക്കുന്നതോടെ ഇനിയും സഞ്ചാരികള്‍ എത്തും. കോഴിക്കോടിന് യുനസ്‌കോ പദവി ലഭിച്ചത് പോലുള്ള നേട്ടങ്ങളും പ്രയോജനപ്പെടുത്തും.കള്‍ച്ചറല്‍ ടൂറിസത്തിന് ഇത് ഗുണമാണ്.
മാലിന്യ സംസ്‌കരണം
മാലിന്യ നിര്‍മാര്‍ജ്ജനം ഇനിയും മെച്ചമാകണം. ഓരോ വിനോദ സഞ്ചാര കേന്ദ്രവും സമീപകോളേജുകളിലെ ടൂറിസം ക്ലബ്ബുകളെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരിപാലനം, മാര്‍ക്കറ്റിങ്ങ് എന്നിവ ഇവര്‍ ചെയ്യും. ടൂറിസത്തില്‍ കേരളം മത്സരിക്കുന്നത് മറ്റ് രാജ്യങ്ങളുമായിട്ടാണ്.മത സൗഹാര്‍ദ്ദം, ജനകീയ ഐക്യം എന്നിവയൊക്കെ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കും. സ്ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ ഏറ്റവും സുരക്ഷിത ഇടമാണ് കേരളം.കോഴിക്കോട് ബീച്ച് ഒക്കെ ഇക്കാര്യത്തില്‍ മാതൃകയാണ്.
സ്ത്രീ യാത്രകള്‍
വനിതകള്‍ ഒറ്റക്കും കൂട്ടായും നടത്തുന്ന യാത്രകള്‍ക്ക് കേരളം ലക്ഷ്യസ്ഥാനമാണ്. ടൂറിസം കേന്ദ്രങ്ങളിലെ സംരംഭകര്‍ അധികവും സ്ത്രീകളാണ്. അന്താരാഷ്ട്ര വനിതാ കോണ്‍ഫറന്‍സ്, ജന്റര്‍ ഓഡിറ്റ് എന്നിവയും സ്ത്രീ യാത്രകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയതാണ്.
വിദേശ മലയാളികള്‍ കേരള അംബാസിഡര്‍
വിദേശത്ത് മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കാനും തൊഴിലിനും പോകുന്നുണ്ട്.ഇവരുടെ ക്ലബ്ബുകള്‍ രൂപവത്കരിച്ച് കേരള ടുറിസത്തിന്റെ അംബാസിഡര്‍മാരാക്കും. വിദേശ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാന്‍ വരുന്നതും നമുക്ക് നേട്ടമാണ്. കോവിഡനന്തരം കേരളം വിനോദ സഞ്ചാരത്തില്‍ വലിയ നേട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും ഇത് സാധിച്ചിട്ടില്ല.