KSDLIVENEWS

Real news for everyone

ഇംഗ്ലണ്ടിനെ ‘അടിച്ചുവീഴ്ത്തി’ ഇന്ത്യന്‍ ബാറ്റര്‍മാര്‍: നാലുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

SHARE THIS ON

നാഗ്പുര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ടിനെ നാലുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍: ഇംഗ്ലണ്ട് 47.4 ഓവറില്‍ 248-ന് ഓള്‍ഔട്ട്. ഇന്ത്യ 38.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 251. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(1-0).

ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും അക്‌സര്‍ പട്ടേലും അര്‍ധസെഞ്ചുറികള്‍ നേടി. 96 പന്തില്‍നിന്ന് 14 ഫോറുകളോടെ 87 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ ബാറ്റര്‍മാരിലെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 36 പന്തില്‍നിന്ന് 9 ഫോറും രണ്ട് സിക്‌സറുകളും സഹിതം 59 റണ്‍സടിച്ചു. അക്‌സര്‍ പട്ടേല്‍ 47 പന്തില്‍നിന്ന് ആറുഫോറും ഒരു സിക്‌സറും അടക്കം 52 റണ്‍സും നേടി.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് എന്ന വിജയലക്ഷ്യം 39-ാം ഓവറിലാണ് ഇന്ത്യ മറികടന്നത്. യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായിരുന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാര്‍. എന്നാല്‍, അഞ്ചാം ഓവറില്‍ 15 റണ്‍സെടുത്ത ജയ്‌സ്വാളിനെ ജൊഫ്ര ആര്‍ച്ചര്‍ പുറത്താക്കി. തൊട്ടുപിന്നാലെ രണ്ട് റണ്‍സെടുത്ത് രോഹിത് ശര്‍മയും മടങ്ങി. എന്നാല്‍, മൂന്നാംവിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 94 റണ്‍സിന്റെ കൂട്ടുക്കെട്ട് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. 16-ാം ഓവറില്‍ 59 റണ്‍സെടുത്ത് ശ്രേയസ് അയ്യര്‍ പുറത്തായി. പിന്നാലെയെത്തിയ അക്‌സര്‍ പട്ടേലും ഗില്ലിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ന്നു. നാലാംവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 108 റണ്‍സാണ് അടിച്ചുകൂട്ടിയത്. 34-ാം ഓവറില്‍ 52 റണ്‍സെടുത്ത അക്‌സര്‍ പട്ടേല്‍ ആദില്‍ റാഷിദിന്റെ പന്തില്‍ ബൗള്‍ഡായി. തൊട്ടുപിന്നാലെ കെ.എല്‍. രാഹുലും രണ്ട് റണ്‍സെടുത്ത് മടങ്ങി. 36-ാം ഓവറില്‍ 87 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ സാഖിബ് മഹ്‌മൂദ് ജോസ് ബട്ട്‌ലറിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ(9 റണ്‍സ്)യും രവീന്ദ്ര ജഡേജയും(12 റണ്‍സ്) ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഫിനിഷ് ചെയ്തത്. ഇംഗ്ലണ്ടിനായി സാഖിബ് മഹ്‌മൂദും ആദില്‍ റാഷിദും രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടായി. 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ ടോപ് സ്‌കോറര്‍. ജേക്കബ് ബെത്തല്‍(51), ഫില്‍ സാള്‍ട്ട് (43) എന്നിവരും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യവിക്കറ്റില്‍ ഓപ്പണര്‍മാരായ ഫില്‍ സാള്‍ഡും ബെന്‍ ഡക്കറ്റും 75 റണ്‍സാണ് അടിച്ചുകൂട്ടിയത്. 8.5 ഓവറില്‍ ഫില്‍ സാള്‍ട്ട് റണ്‍ഔട്ടായതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി. തൊട്ടടുത്ത ഓവറില്‍ ബെന്‍ ഡക്കറ്റിനെ ഹര്‍ഷിത് റാണയും തിരിച്ചയച്ചു. യശസ്വി ജയ്സ്വാളിന്റെ മനോഹരമായ ക്യാച്ചിലാണ് ബെന്‍ ഡക്കറ്റ് പുറത്തായത്. പിന്നാലെ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീണു. എന്നാല്‍, ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്ലറും ജേക്കബ് ബെത്തലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനിന്നു. ഇരുവരും അര്‍ധസെഞ്ചുറികളും നേടി.

67 പന്തില്‍ നാലുഫോറുകളുമായാണ് ജോസ് ബട്ട്ലര്‍ 52 റണ്‍സെടുത്തത്. 64 പന്തില്‍നിന്ന് മൂന്നുഫോറുകളും ഒരു സിക്സും അടക്കമാണ് ജേക്കബ് ബെത്തല്‍ 51 റണ്‍സ് നേടിയത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റ് വീഴ്ത്തി. തന്റെ അരങ്ങേറ്റ മത്സരത്തില്‍ ഹര്‍ഷിത് റാണയും മൂന്നുവിക്കറ്റ് നേടി. മുഹമ്മദ് ഷമി, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവര്‍ എന്നിവര്‍ ഓരോവിക്കറ്റും വീഴ്ത്തി.

കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിനിറങ്ങിയത്. ബുധനാഴ്ച പരിശീലനത്തിനിടെയാണ് കോലിക്ക് വലതു കാല്‍മുട്ടിന് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!