ആരോഗ്യ മേഖലയ്‌ക്കായി 10,431 കോടി പ്രഖ്യാപിച്ചു; കാരുണ്യ പദ്ധതിക്കായി 700 കോടി

തിരുവനന്തപുരം: 2025 – 2026 വർഷത്തില്‍ ആരോഗ്യ മേഖലയ്‌ക്ക് 10,431.73 കോടി രൂപ നീക്കി വച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍.
സംസ്ഥാന ബഡ്‌ജറ്റ് പ്രഖ്യാപനത്തിലാണ് ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
കെഎൻ ബാലഗോപാല്‍ പറഞ്ഞത്:
രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണ്. 38,128 കോടി രൂപയാണ് ആരോഗ്യ മേഖലയ്‌ക്കായി ഇതുവരെ ചെലവാക്കിയത്. 2025 – 2026 വർഷം 10,431.73 കോടി രൂപ വകയിരുത്തി.
സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 3967.3 കോടി രൂപ സർക്കാർ നല്‍കി. ബഡ്‌ജറ്റില്‍ നീക്കി വച്ച തുകയേക്കാള്‍ അധീകരിച്ച തുകയാണ് സർക്കാർ കാരുണ്യ പദ്ധതിക്കായി നല്‍കുന്നത്. 2025 – 2026 വർഷത്തില്‍ ഈ കാരുണ്യ പദ്ധതിക്കായി ആദ്യ ഘട്ടമായി 700 കോടി രൂപ നീക്കി വയ്‌ക്കുന്നു.