ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ: കോൺഗ്രസിനെയും എഎപിയെയും വിമർശിച്ച് ഒമർ അബ്‌ദുല്ല

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ എഎപിക്കും കോൺഗ്രസിനുമെതിരെ വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. ‘ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ’ എന്നാണ് ഒമർ അബ്ദുല്ല എക്സിൽ കുറിച്ചത്. ഡൽഹിയിൽ ബിജെപി വൻ വിജയത്തിലേക്കെന്ന് സൂചനകൾ പുറത്തുവന്നതോടെയാണ് നാഷനൽ കോൺഫറൻസ് ഇന്ത്യാ മുന്നണിയിലെ തന്നെ പ്രധാന പാർട്ടികളായ കോൺഗ്രസിനെയും എഎപിയെയും വിമർശിച്ചു രംഗത്തെത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ സഖ്യത്തിലാണ് എഎപിയും കോൺഗ്രസും മത്സരിച്ചത്. ആകെയുള്ള 7 സീറ്റുകളിൽ 4 ഇടത്ത് എഎപിയും 3 ഇടത്ത് കോൺഗ്രസും മത്സരിച്ചെങ്കിലും ഇന്ത്യാ മുന്നണി സമ്പൂർണ തോൽവി ഏറ്റുവാങ്ങി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റിലും സഖ്യമില്ലാതെയാണ് കോൺഗ്രസും എഎപിയും മത്സരിച്ചത്. എന്നാൽ സഖ്യം പിരിഞ്ഞിട്ടും കനത്ത തോൽവിയാണ് എഎപി ഡൽഹിയിൽ നേരിട്ടത്. ബിജെപി ഇതര വോട്ട് ഭിന്നിച്ചുവെന്നാണ് വിലയിരുത്തൽ.