കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോളംകുളത്ത് വൻ തീപിടിത്തം: രണ്ടേക്കർ കൃഷിയിടം നശിച്ചു

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോളംകുളത്ത് വൻ തീപിടിത്തം. വെള്ളിയാഴ്ച രാവിലെ 11ന് കോളംകുളം കള്ളുഷാപ്പിന് സമീപത്താണ് തീപിടിത്തമുണ്ടായത്. കോളംകുളത്തെ സി.കെ. തമ്പാന്റെ രണ്ട് എക്കറോളം തെങ്ങും കവുങ്ങും ഉൾപ്പെടെയുള്ള പറമ്പാണ് കത്തിനശിച്ചത്. ചൂട് കൂടുന്നതോടെ മലയോരത്ത് തീപിടിത്തവും വർധിക്കുകയാണ്. നാട്ടുകാരും കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷാസേന യൂനിറ്റും കിണഞ്ഞുശ്രമിച്ചാണ് തീ പൂർണമായും അണച്ചത്.
കിനാനൂർ കരിന്തളം കയ്യൂർ ചീമേനി, കോടോം ബേളൂർ പഞ്ചായത്തിലും ഏക്കറുകണക്കിന് വരണ്ട പാറപ്രദേശങ്ങൾ ഉള്ളതിനാൽ തീപിടിത്ത സാധ്യത കൂടുതലാണ്. ഇതിനെല്ലാം പരിഹാരം എന്നനിലയിൽ ബിരിക്കുളത്ത് അനുവദിച്ച അഗ്നിരക്ഷാസേന ഓഫിസ് കടലാസിലൊതുങ്ങി. എത്രയുംവേഗം ഇതിന്റെ തുടർ പ്രവർത്തങ്ങൾ നടത്തണമെന്ന ആവശ്യം ശക്തമായി. തീപിടിത്തം അറിയിച്ചശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് അഗ്നിരക്ഷാസേന യൂനിറ്റ് സംഭവസ്ഥലത്ത് എത്തുന്നത്. ഒരേസമയം ഒന്നിലധികം അപകടങ്ങളുണ്ടാകുമ്പോൾ ഇത്രയും ദൂരം താണ്ടി എത്തുമ്പോഴേക്കും അത്യാഹിതം കഴിഞ്ഞിട്ടുണ്ടാകും.