മാരുതിയുടെ ഈ ചെറു കാറിന് ഇനി 6 എയർബാഗ്, സുരക്ഷയ്ക്കൊപ്പം വിലയും വർധിച്ചു

ഹാച്ച്ബാക്ക് മോഡലായ സെലേറിയോക്ക് ആറ് എയർബാഗുകൾ നൽകി മാരുതി സുസുക്കി. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായാണ് ആറ് എയർബാഗുകൾ ഉണ്ടാവുക. രണ്ട് എയർബാഗുകൾ മാത്രമാണ് സെലേറിയയിൽ ഇതുവരെ സ്റ്റാൻഡേർഡായി കമ്പനി നൽകിയിരുന്നത്.
ചെറുതും താങ്ങാവുന്ന വിലയിലുള്ളതുമായ കാറുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മാരുതിയുടെ ചുവടുവെപ്പാണിത്. കൂടുതൽ മോഡലുകളിൽ ഉടൻ ഇത് നടപ്പിലാക്കുമെന്നാണ് അറിയുന്നത്. അതേസമയം, സുരക്ഷ വർധിപ്പിച്ചതോടെ സെലേറിയോയുടെ വിലയിലും വർധനവുണ്ട്. 32500 രൂപ വരെയാണ് കൂടിയത്.

ZXi AMT വേരിയന്റിനൊഴികെയാണ് വിലവർധന. ZXi+ എന്ന ഏറ്റവും ഉയർന്ന വേരിയന്റിന് 32500 രൂപയാണ് വർധിച്ചത്. ZXi MT, എൻട്രി ലെവൽ വേരിയന്റായ LXi MT എന്നിവയ്ക്ക് 27,500 രൂപയും വർധിച്ചു. VXi വേരിയന്റിന് 21000 ,VXi CNG MT മോഡലിന് 16,000 എന്നിങ്ങനെയാണ് വില കൂട്ടിയത്. ഇതോടെ 5.64 ലക്ഷം മുതൽ 7.37 ലക്ഷം രൂപ വരെയാണ് സെലേറിയോയുടെ എക്സ് ഷോറൂം വില.

മാരുതിയുടെ 1.0 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 67 ബി.എച്ച്.പി. പവറും 89 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍ എന്ന ഖ്യാതി സ്വന്തമാക്കുന്നതിനായി 26.68 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കിയാണ് പുതുതലമുറ സെലേറിയോ 2021-ൽ വിപണിയില്‍ എത്തിയത്.
