2023-24 വര്‍ഷത്തെ ആവിഷ്‌കൃത പദ്ധതിയ്ക്ക് കേന്ദ്രം ഒരുരൂപ പോലും ഗ്രാന്റ് അനുവദിച്ചില്ല: തിരിച്ചടിച്ച് മന്ത്രി വീണ ജോര്‍ജ്

ആശ വര്‍ക്കേഴ്‌സിന് ഉള്‍പ്പെടെ നല്‍കേണ്ട കേന്ദ്ര ഫണ്ടില്‍ ആശയക്കുഴപ്പം തുടരുന്നു. 2023-24 വര്‍ഷത്തില്‍ ഒരു രൂപ പോലും ക്യാഷ് ഗ്രാന്റ് നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പറഞ്ഞു. ഇതു സംബന്ധിച്ച രേഖകള്‍ ആരോഗ്യമന്ത്രി സഭയില്‍ വച്ചു.
2023-24 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ആവിഷ്‌കൃത പദ്ധതിക്കുള്ള ക്യാഷ് ഗ്രാന്റ് ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാനം. ആരോഗ്യ കേന്ദ്രങ്ങളില്‍ കേന്ദ്രം നിര്‍ദ്ദേശിച്ച പേര് നല്‍കുന്ന – കോ-ബ്രാന്‍ഡിംഗ് ചെയ്യാത്തതിന്റെ പേരില്‍ തടഞ്ഞുവച്ച തുക ഇതുവരെ കിട്ടിയിട്ടില്ല.. ഈ കാലയളവില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 826.02 കോടി രൂപയാണ്. ഇതില്‍ ലഭിച്ചത് 189.15 കോടി മാത്രം. ബാക്കി 636.88 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എന്‍എച്ച്എം യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ആരോഗ്യമന്ത്രി സഭയില്‍ വച്ചു.
കേരളത്തിന് മുഴുവന്‍ കുടിശ്ശികയും നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ധനവിനിയോഗത്തിന്റെ വിവരങ്ങള്‍ സംസ്ഥാനം അറിയിച്ചിട്ടില്ലെന്നും കേന്ദ്രആരോഗ്യമന്ത്രി ജെപി നദ്ദ ഇന്ന് രാജ്യസഭയില്‍ പറഞ്ഞിരുന്നു. ആശാ വര്‍ക്കേഴ്‌സിന്റെ വേതനം കൂട്ടുമെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. സിപിഐ അംഗം പി സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. എന്‍എച്ച്എം പ്രകാരം ആശാ വര്‍ക്കേഴ്‌സിനായി കേരളത്തിന് കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ അനുവദിച്ച തുക കൂടി സഭയില്‍ പരസ്യപ്പെടുത്തിക്കൊണ്ടാണ് ആരോഗ്യമന്ത്രാലയം കേരളത്തിന്റെ വാദങ്ങള്‍ തള്ളിയത്.