KSDLIVENEWS

Real news for everyone

കെപിസിസി വേദിയില്‍ ജി. സുധാകരൻ; സനാതനധര്‍മത്തില്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയേയും തള്ളി

SHARE THIS ON

തിരുവനന്തപുരം:‌ കെപിസിസി വേദിയിലെത്തി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശ്രീനാരായണഗുരു- മഹാത്മാ ഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി സെമിനാറിലാണ് സുധാകരൻ പങ്കെടുത്തത്.

സനാതനധർമ വിഷയത്തില്‍ മുഖ്യമന്ത്രിയെയും പാർട്ടിയെയും തള്ളി ജി. സുധാകരൻ രംഗത്തെത്തി. ഗാന്ധിജി സനാതനധർമത്തില്‍ വിശ്വസിച്ചിരുന്ന ആളാണെന്നും സനാതനധർമവുമായി ആർഎസ്‌എസിന് യാതൊരു ബന്ധവുമില്ലെന്നും സുധാകരൻ പറഞ്ഞു.

സനാതനധർമം വേദങ്ങള്‍ക്കും മുൻപേയുള്ള കാഴ്ചപ്പാടാണെന്നും വേദിക് കാലഘട്ടത്തിലാണ് ചാതുർവർണ്യം ഉണ്ടാകുന്നതെന്നും അദ്ദേഹം വിശദമാക്കി. കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ പരോക്ഷ പരിഹാസവുമായി സുധാകരൻ രംഗത്തെത്തുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥനല്ല വിശ്വപൗരനെന്നും അത്തരമൊരു വ്യക്തി ശമ്ബളത്തിനും പദവിക്കും വേണ്ടി ജോലിയെടുക്കുന്ന ആ‌ളാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഏതെങ്കിലും രണ്ട് രാജ്യത്ത് അംബാസിഡർ ആയാല്‍ വിശ്വപൗരൻ എന്നാണ് പറയുന്നതെന്നും അത് അംഗീകരിക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു.

ഗാന്ധിജി വിശ്വപൗരനാണ്. നെഹ്റുവും ടാഗോറും ഡോക്ടർ രാധാകൃഷ്ണനും ഒക്കെ വിശ്വപൗരന്മാരായിരുന്നു. അതേസമയം, പാർട്ടിയെപ്പറ്റി താൻ ഒരിക്കലും ആക്ഷേപം പറയില്ലെന്നും പറയുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സിപിഐ നേതാവ് സി. ദിവാകരനും പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!