KSDLIVENEWS

Real news for everyone

12000 കോടി വായ്പയ്ക്ക് കേന്ദ്ര അനുമതി: 6000 കോടി കടം പരിഗണനയില്‍; കേരള ഫയലുകള്‍ക്ക് വേഗം കൂടി

SHARE THIS ON

കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ബുധനാഴ്ച ഡൽഹി കേരളഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോൾ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ (വലത്തേയറ്റം) കേരളത്തിന്റെ പ്രത്യേകപ്രതിനിധി കെ.വി. തോമസ് (ഇടത്തേയറ്റം) എന്നിവർ സമീപം | Photo: PTI

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് 12000 കോടി രൂപ അധിക വായ്പയെടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയതിന് പിന്നാലെ 6000 കോടി രൂപ കൂടി കടമെടുക്കാന്‍ കേരളം. ഊര്‍ജ മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കായി 6000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. അടുത്ത ചൊവ്വാഴ്ച്ചയോട് കൂടി കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

ഡല്‍ഹിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് കേരളത്തിന് അധികതുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ധനകാര്യ മന്ത്രാലയത്തിന്റെ ഈ നിലപാട് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം കേരളത്തിന് ആശ്വാസം നല്‍കുന്നതാണ്.

കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള കേരളവുമായി ബന്ധപ്പെട്ട പല ഫയലുകള്‍ക്കും വേഗം കൂടുകയും ചെയ്തു. കടപരിധി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചതിന് ശേഷം കേരളത്തിന്റെ പല ആവശ്യങ്ങളും ഒച്ചിന്റെ വേഗതയിലാണ് നോര്‍ത്ത് ബ്ലോക്കില്‍ നീങ്ങിയിരുന്നത്. എന്നാല്‍ കേരളത്തിനോടുളള നോര്‍ത്ത് ബ്ലോക്കിന്റെ നിലപാടില്‍ കാര്യമായ മാറ്റം ഉണ്ടായെന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന വേളയില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനെതിരെ നിയമ പോരാട്ടം നടത്തുന്ന തിരക്കിലായിരുന്നു കേരളം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിടുകയും ചെയ്തിരുന്നു. ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലുള്ള ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം എബ്രഹാം ഡല്‍ഹിയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് എതിരായ നിയമ പോരാട്ടം സംസ്ഥാന സര്‍ക്കാര്‍ മന്ദഗതിയിലാക്കാന്‍ സാധ്യതയുണ്ട്.

‘ജോണ്‍ ബ്രിട്ടാസും എന്‍.കെ പ്രേമചന്ദ്രനും മികച്ച എം.പിമാര്‍’- മുഖ്യമന്ത്രിയോട് നിര്‍മല സീതാരാമന്‍

കേരളത്തിന്റെ ആവശ്യങ്ങള്‍ ചില എം.പിമാര്‍ മികച്ച രീതിയിലാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. രാജ്യസഭ അംഗം ജോണ്‍ ബ്രിട്ടാസും ലോക്‌സഭ അംഗം എന്‍.കെ പ്രേമചന്ദ്രനും പാര്‍ലമെന്റില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും നിര്‍മല സീതാരാമന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ യോഗം വിളിച്ച് ചേര്‍ത്ത കാര്യം ഗവര്‍ണര്‍ കേന്ദ്ര ധനകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!