KSDLIVENEWS

Real news for everyone

ഗാസ ആക്രമണം; ട്രംപ് ഭരണകൂടത്തെ ഇസ്രയേൽ വിവരം അറിയിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

SHARE THIS ON

വാഷിങ്ടൺ: ഗാസയിൽ ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രയേൽ വിവരം അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആണ് ഇക്കാര്യമറിയിച്ചത്. ഗാസയിലെ ആക്രമണങ്ങളെക്കുറിച്ച് ട്രംപ് ഭരണകൂടത്തോടും വൈറ്റ് ഹൗസിനോടും ഇസ്രായേൽ ഭരണകൂടം കൂടിയാലോചിച്ചുവെന്നാണ് വിവരം.

പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതുപോലെ ഹമാസും ഹൂതികളും ഉൾപ്പെടെ ഇസ്രായേലിനെ മാത്രമല്ല, അമേരിക്കൻ ഐക്യനാടുകളെയും ഭയപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാവരും വലിയ വില നൽകേണ്ടിവരുമെന്ന് ലീവിറ്റ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നിയമം അനുസരിക്കുന്ന ജനങ്ങൾക്കുവേണ്ടി നിലകൊള്ളാൻ താൻ ഭയപ്പെടുന്നില്ലെന്ന് പ്രസിഡന്റ് ട്രംപ് പറയുമ്പോൾ മിഡിൽ ഈസ്റ്റിലെ എല്ലാ തീവ്രവാദികളും ഇറാന്റെ പിന്തുണയുള്ള ഭീകര സംഘടനകളും ഇറാനും അത് ഗൗരവമായി കാണണമെന്നും അവർ കൂട്ടിചേർത്തു.

ചൊവ്വാഴ്ച പുലർച്ചെ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ നൂറോളം പേർ കൊല്ലപ്പെട്ടുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരിയിൽ വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്നാണ് റിപ്പോർട്ട്.

ഗാസ മുനമ്പിലെ ഹമാസ് ഭീകര സംഘടനയുടെ കേന്ദ്രങ്ങളിൽ വിപുലമായ ആക്രമണങ്ങൾ നടത്തിവരികയാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) എക്സിൽ കുറിച്ചു.

ഗാസയിൽ ആക്രമണം പുനരാരംഭിച്ചെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സും വ്യക്തമാക്കി. അതേസമയം ഇസ്രയേൽ ഏകപക്ഷീയമായി വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഹമാസ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!