KSDLIVENEWS

Real news for everyone

പടച്ചവൻ ഞങ്ങളുടെ കൂടെത്തന്നെയുണ്ടായിരുന്നു: റമദാൻ ഓര്‍മകളുമാ‍യി ഗസ്സ സ്വദേശിനി

SHARE THIS ON

കഴിഞ്ഞ റമദാനില്‍ നിങ്ങള്‍ എങ്ങനെയാണ് നോമ്ബ് നോറ്റത്? കുബ്ബൂസും ടൊമാറ്റോ സോസും മാലോ സാലഡും മാത്രം ഉപയോഗിച്ച്‌ ഒരു മാസം മുഴുവൻ നിങ്ങള്‍ എങ്ങനെയാണ് നോമ്ബ് തുറന്നത്?

ഷെല്ലുകളുടെ ശബ്ദവും രൂക്ഷമായ ക്ഷാമവും യുദ്ധവിമാനങ്ങളുടെ ഭയാനകമായ ഇരമ്ബലും അതിജീവിച്ച്‌ ലക്ഷക്കണക്കിന് ഗസ്സക്കാരോടൊപ്പം അത്രമേല്‍ കഠിനമായ നാളുകളില്‍ ഒരുമാസം മുഴുവൻ നിങ്ങളെങ്ങനെയാണ് തള്ളിനീക്കിയത്?’ ഈ ചോദ്യങ്ങള്‍ പലരും ചോദിക്കുമ്ബോള്‍ ഒറ്റ ഉത്തരമേയുള്ളൂ. ക്ഷീണിച്ച ശരീരങ്ങള്‍ക്കും ഭയന്ന ഹൃദയങ്ങള്‍ക്കും ശക്തി പകർന്ന് ഞങ്ങളെ നോമ്ബ് നോല്‍ക്കാൻ പ്രാപ്തനാക്കിയ പടച്ചവൻ ഞങ്ങളുടെ കൂടെത്തന്നെയുണ്ടായിരുന്നു. ഇതല്ലാത്ത എന്ത് വിശദീകരണം മെനഞ്ഞുണ്ടാക്കിയാലും അത് നിരർഥകവും യുക്തിരഹിതവുമായിരിക്കും.

തൂഫാനുല്‍ അഖ്സക്ക് ശേഷമുള്ള റമദാൻ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ചേക്കാവുന്ന അത്യപൂർവമായ അനുഭവമായിരുന്നു. റമദാൻ വന്നാല്‍ എങ്ങനെ നോമ്ബെടുക്കുമെന്നും പ്രാർഥിക്കുമെന്നുമുള്ള വല്ലാത്ത ഭയപ്പാടിലായിരുന്നു റമദാനിന് മുമ്ബ് ഞങ്ങള്‍. എന്നാല്‍, റമദാൻ വന്നപ്പോള്‍, ഞങ്ങള്‍ മതിമറന്ന് ആസ്വദിച്ച്‌ നോമ്ബെടുക്കുകയും പ്രാർഥിക്കുകയും ചെയ്തു. റമദാൻ ഞങ്ങളില്‍നിന്ന് വിടപറഞ്ഞപ്പോള്‍ ഞങ്ങള്‍ കണ്ണീർ വാർത്തു. വളരെ പ്രയാസകരമായിരുന്നിട്ടും ഇതെല്ലാം എങ്ങനെ സാധിച്ചു എന്നുപോലും ഞങ്ങള്‍ക്കറിയില്ല.

ഭക്ഷണം വളരെ കുറവായിരുന്നു. പലപ്പോഴും കഴിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ഉണങ്ങിയ കുബ്ബൂസും സഅതറും മാത്രമായിരുന്നു ചിലപ്പോള്‍ അത്താഴത്തിനുണ്ടായിരുന്നത്. ചിലപ്പോഴൊക്കെ ഒന്നുമില്ലാത്തതിനാല്‍ അത്താഴം കഴിക്കാതെയാണ് നോമ്ബെടുത്തത്. ഗസ്സയില്‍ ശൈത്യകാലത്ത് വളരുന്ന കാട്ടുചെടിയായ മാലോ ചെടികളുടെ ഇലകള്‍ പറിച്ചെടുത്ത് സാലഡ് പോലെയാക്കി നോമ്ബുതുറക്കും. ഭാഗ്യമുണ്ടെങ്കില്‍ ചിലപ്പോള്‍ ഫൂല് (പയറ്) കിട്ടും. ടിന്നുകളില്‍ വരുന്ന കൂണ്‍ ആയിരുന്നു അന്ന് ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും ആർഭാടപൂർണമായ ഭക്ഷണം. കൂണ്‍ ഉള്ള ദിവസം എല്ലാവർക്കും പെരുന്നാള്‍പോലെ ആയിരുന്നു.

ഖലീല്‍ ഹൊസരിയുടെയും അബ്ദുല്‍ ബാസിത്തിന്റെയും വശ്യസുന്ദരമായ ഖുർആൻ പാരായണം ശ്രവിച്ചുകൊണ്ടും സൈദ് നഖ്‌ഷബന്ദിയുടെ പ്രാർഥനഗീതങ്ങള്‍ ഉരുവിട്ടുകൊണ്ടും ലോകത്ത് എല്ലായിടത്തും അനുഗൃഹീതമായ റമദാൻ ജനങ്ങള്‍ ആഘോഷിക്കുമ്ബോള്‍ മരണവും വിശപ്പും ഭയവും ഞങ്ങളെ വലിച്ചിഴക്കുകയായിരുന്നു. വളരെ നാമമാത്രമായ ഭക്ഷണവും മുന്നില്‍വെച്ച്‌ നോമ്ബുതുറക്കാൻ ഇരിക്കുന്ന സന്ദർഭങ്ങളില്‍ പലപ്പോഴും ചുറ്റും ബോംബുകള്‍ വന്നുവീഴും. ഉള്ള ഭക്ഷണവും അവിടെയിട്ട് എത്ര തവണയാണെന്നോ അവിടെനിന്ന് ഓടിമറഞ്ഞത്. ഓരോ അത്താഴ നേരത്തും വെടിയുതിർക്കുന്ന പീരങ്കികളുടെ ശബ്ദങ്ങള്‍ ഞങ്ങളുടെ കൂട്ടത്തിലെ ദുർബല ഹൃദയരെ വല്ലാതെ പേടിപ്പിച്ചുകളയും.

അസ്വസ്ഥമായ പകലുകള്‍ അത്താഴത്തോടുകൂടി തന്നെ ആരംഭിക്കും. ഗസ്സ പൂർണമായും വളരെയധികം ക്ഷീണിച്ചിട്ടുണ്ടെങ്കിലും, തൂഫാനുല്‍ അഖ്സക്ക് ശേഷമുള്ള റമദാൻ വടക്കൻ ഗസ്സക്കാരെ സംബന്ധിച്ചിടത്തോളം അതികഠിനമായിരുന്നു. പക്ഷേ, ഞങ്ങള്‍ പോരാട്ടം തുടർന്നുകൊണ്ടേയിരുന്നു. വടക്കൻ ഗസ്സ വിട്ടുപോകാൻ അധിനിവേശ സൈന്യം ഞങ്ങള്‍ക്കെതിരെ എല്ലാവിധ ക്രൂരതകളും ചെയ്തുകൊണ്ടിരുന്നു. അതിനായി കൂട്ടക്കൊലയും ഭീഷണിയും പട്ടിണിക്കിടലും അവർ തുടർന്നു. ഞങ്ങളെ എത്രത്തോളം പ്രയാസപ്പെടുത്തിയോ അതിനെക്കാളധികം ഞങ്ങള്‍ക്ക് നാടിനോടുള്ള കൂറ് കൂടിക്കൊണ്ടേയിരുന്നു. വടക്കൻ ഗസ്സ വിട്ടുപോകാതിരിക്കാനുള്ള എല്ലാ വഴികളും ഞങ്ങളും ചെയ്തുകൊണ്ടിരുന്നു.

യുദ്ധത്തിനിടയിലെ കഴിഞ്ഞ റമദാനില്‍ ഞാൻ എന്റെ കുഞ്ഞുമക്കളോടൊപ്പം ഒറ്റക്കായിരുന്നു. ഏഴ് വയസ്സില്‍ താഴെ പ്രായമുള്ള സല്‍മയും നാല് വയസ്സില്‍ താഴെ പ്രായമുള്ള ലൈലയും. ഭർത്താവ് തെക്കൻ ഗസ്സയില്‍ പത്രപ്രവർത്തക ജോലിയില്‍ വലിയ തിരക്കിലായിരുന്നു. എന്റെ എല്ലാ ബലഹീനതയും ഉള്ളതോടൊപ്പം സകലശക്തിയും ആവാഹിച്ച്‌ ഞാനെന്റെ കുഞ്ഞുമക്കളെ ചേർത്തുപിടിച്ചു.

ഗസ്സയിലെ എല്ലാ ജനങ്ങള്‍ക്കും മാനസികമായ കരുത്ത് നല്‍കിയതുപോലെ പടച്ചവൻ മാനസികമായ വല്ലാത്ത കരുത്ത് നല്‍കി എന്നെയും സഹായിച്ചു. ഇപ്പോഴിതാ നാം വീണ്ടും റമദാന്റെ പടിവാതില്‍ നില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക സന്നാഹങ്ങളുള്ള ഈ അധിനിവേശ രാജ്യത്തെ ദുർബലമായ ശരീരങ്ങളാലും വിശ്വാസത്തില്‍ പടുത്തുയർത്തിയ ഹൃദയങ്ങളാലും ഞങ്ങള്‍ പരാജയപ്പെടുത്തിയിരിക്കുന്നു.

ഗസ്സ ഇപ്പോഴും ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും ഉപരോധത്തിന്റെയും ആഴങ്ങളില്‍ മുങ്ങിത്താഴുകയാണ്. ഞങ്ങളുടെ കുട്ടികള്‍ക്ക് സുരക്ഷിതത്വമോ മാന്യമായ ജീവിതമോ ലഭിക്കുന്നില്ല, ഒരു കുട്ടിക്ക് അർഹമായ മാന്യമായ ജീവിതത്തിന് വേണ്ട ഏറ്റവും കുറഞ്ഞ ആവശ്യങ്ങള്‍പോലും അവർക്ക് നല്‍കാൻ ഞങ്ങള്‍ക്ക് കഴിയുന്നില്ല. മറ്റെല്ലാവരെയും പോലെ ഞാനും തെക്കൻ ഗസ്സയില്‍നിന്ന് തിരിച്ചുവന്ന ഭർത്താവും ഇക്കാര്യത്തില്‍ പൂർണമായും നിസ്സഹായരാണ്. അധിനിവേശ സൈന്യം ഗസ്സയെ പൂർണമായും നശിപ്പിച്ചതിനുശേഷം അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റാൻ കഴിയാത്തതിനാല്‍ ജീവിതം ഇന്നിവിടെ നരകതുല്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!