ബി.ജെ.പിയിൽ ചേർന്നതിന്റെ പക: സൂരജ് വധക്കേസിൽ 8 പേർക്ക് ജീവപര്യന്തം; 11-ാം പ്രതിക്ക് 3 വർഷം തടവ്

കണ്ണൂർ: ബിജെപി-ആർഎസ്എസ് പ്രവർത്തകൻ മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ എട്ട് പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷത്തെ ശിക്ഷ നൽകി. രണ്ട് മുതൽ ഒമ്പത് വരേയുള്ള പ്രതികൾക്കാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. ഒന്നാംപ്രതി കേസിന്റെ വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു.
2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40-ന് ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ വെച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്. സംഭവത്തിന് ആറുമാസം മുൻപ് സൂരജിനെ വധിക്കാൻ ശ്രമിച്ചിരുന്നു. ഇരുകാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു. സി.പി.എം. പ്രവർത്തകനായ സൂരജ് ബി.ജെ.പിയിൽ ചേർന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.
28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകൾ ഹാജരാക്കി. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സി.പി.എം. പ്രവർത്തകർക്കെതിരെയാണ് കേസ്. രണ്ടു പ്രതികൾ സംഭവശേഷം മരിച്ചു. തുടക്കത്തിൽ 10 പേർക്കെതിരെയായിരുന്നു കേസ്. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ. രജീഷ് നൽകിയ കുറ്റസമ്മതമൊഴി പ്രകാരം രണ്ടു പ്രതികളെ കൂടി കേസിൽ ഉൾപ്പെടുത്തി. രജീഷ്, മനോരാജ് എന്നിവരെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകി.
സി.പി.എം. പ്രവർത്തകരായ പത്തായക്കുന്ന് കാരായിന്റവിട ഹൗസിൽ ടി.കെ. രജീഷ് (45), കാവുംഭാഗം പുതിയേടത്ത് ഹൗസിൽ എൻ.വി. യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യൻ ഹൗസിൽ കെ. ഷംജിത്ത് എന്ന ജിത്തു (57), കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (56), പണിക്കന്റവിട ഹൗസിൽ പ്രഭാകരൻ (65), പുതുശ്ശേരി ഹൗസിൽ കെ.വി. പദ്മനാഭൻ (67), പുതിയപുരയില്‍ പ്രദീപന്‍ (58) , മനോമ്പേത്ത് രാധാകൃഷ്ണൻ (60) എന്നിവരാണ് കേസിലെ പ്രതികൾ. പത്താം പ്രതി എടക്കാട് കണ്ണവത്തിൻമൂല നാഗത്താൻ കോട്ട പ്രകാശനെ വെറുതെവിട്ടു.
ഒന്നാംപ്രതി മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനി പള്ളിക്കൽ ഹൗസിൽ പി.കെ. ഷംസുദ്ദീൻ എന്ന ഷംസു, 12-ാം പ്രതി മക്രേരി കിലാലൂരിലെ ടി.പി. രവീന്ദ്രൻ എന്നിവർ വിചാരണവേളയിൽ മരിച്ചു.